പത്തനംതിട്ട: ചാലക്കുടി സ്വദേശി പ്രസാദ് ഇ ഡി ശബരിമല മേൽശാന്തി. തുലാംമാസ പൂജകൾക്കായി നടതുറന്നതിന് പിന്നാലെ നടത്തിയ നറുക്കെടുപ്പിലാണ് ചാലക്കുടി മഠത്തൂർ കുന്ന് ഏറന്നൂർ മനയിലെ പ്രസാദ് ഇ ഡി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ഒരുവർഷം ശബരിമലയിൽ പുറപ്പെടാശാന്തിയായിരിക്കും പ്രസാദ് ഇ ഡി. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ്.
ശബരിമല സന്നിധാനത്ത് പന്തളം കൊട്ടാരത്തിൽ നിന്നുള്ള കശ്യപ് വർമ്മയാണ് നറുക്കെടുപ്പ് നടത്തിയത്. പതിനാല് പേരിൽ നിന്നാണ് ശബരിമലയിലെ മേൽശാന്തിയെ തിരഞ്ഞെടുത്ത്. എട്ട് നറുക്കിന് ഒടുവിലാണ് പ്രസാദ് ഇഡിയെ തിരഞ്ഞെടുത്ത്.
മുട്ടത്തൂർ മഠം ആയിരതെങ്ങ് എം ജി മനു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. കൊല്ലം മയ്യനാട് സ്വദേശിയാണ് ഇദ്ദേഹം. പന്തളം കൊട്ടാരത്തിൽ നിന്നുള്ള മൈഥിലി കെ. വർമ്മയാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നിർവഹിച്ചത്. ഹൈക്കോടതി നിരീക്ഷകൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
