അമ്മത്തൊട്ടിലിൻ്റെ ചരിത്രത്തിലാദ്യമായി ഒരേ ദിനം മൂന്നുകുഞ്ഞുങ്ങള്‍. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയില്‍ ഒരു കുഞ്ഞിനെയുമാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചതത്.
ആദ്യമായാണ് ഒരുദിവസം മൂന്ന് കുട്ടികളെ ലഭിക്കുന്നതെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി പറഞ്ഞു. ലഭിച്ചത് മൂന്നും പെണ്‍കുട്ടികളെയാണെന്നതും ശ്രദ്ധേയം. ആലപ്പുഴയില്‍ 20 ദിവസം പ്രായമായ കുഞ്ഞിനെയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് കിട്ടിയ കുട്ടികള്‍ക്ക് രണ്ടാഴ്ച പ്രായം വരും. ആലപ്പുഴയില്‍ എത്തിയ കുട്ടിക്ക് വീണ എന്നും തിരുവനന്തപുരത്തെത്തിയ രണ്ടു കുട്ടികള്‍ക്ക് അക്ഷരയെന്നും അഹിംസയെന്നും പേരിട്ടു. ഈ വർഷം ആകെ 23 കുഞ്ഞുങ്ങളെ ലഭിച്ചു. ഇതില്‍ 14 പെണ്‍കുട്ടികളും ഒൻപതു ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഇന്നലെ കിട്ടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.