മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്.
മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാനുള്ള ധീരത തന്നെയാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാവാക്കി മാറ്റിയത്. സത്യഗ്രഹം ഗാന്ധിക്ക് സമരമാര്‍ഗമായിരുന്നു. പോരാട്ടങ്ങള്‍ അഹിംസയിലൂന്നിയായിരുന്നു. ജീവിതം നിരന്തര സത്യാന്വേഷണ പരീക്ഷണമായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാന്‍ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വൈരുധ്യങ്ങളോട് നിരന്തരം സംവദിച്ചു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്ബര്യത്തില്‍ ഉറച്ചുനിന്നപ്പോഴും ആധുനിക മൂല്യങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടു.
സ്‌കൂളുകളിലും കോളേജുകളിലും സർക്കാർ സ്ഥാപനങ്ങളിലും പ്രാർത്ഥനാ ശുശ്രൂഷകള്‍, അനുസ്മരണ ചടങ്ങുകള്‍, വിവിധ സാംസ്കാരിക പരിപാടികള്‍ എന്നിവയിലൂടെ പലരും ഈ ദിവസം ആഘോഷിക്കുന്നു. മഹാത്മാഗാന്ധിയുടെ ശില്‍പങ്ങളും ഈ ദിവസം മാലകളും പൂക്കളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ശുചിത്വ പരിപാടികള്‍, വൃക്ഷത്തൈ നടീല്‍ പ്രവർത്തനങ്ങള്‍ തുടങ്ങിയ സാമൂഹിക സേവനങ്ങളും ഗാന്ധി ജയന്തി ദിനത്തില്‍ സംഘടിപ്പിക്കാറുണ്ട്.