പ്രതിഷേധം തുടർന്ന് ചാണ്ടി ഉമ്മൻ; കെപിസിസി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് എക്‌സിറ്റ് ആയി

 

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കെപിസിസിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് എക്‌സിറ്റ് അടിച്ച് ചാണ്ടി ഉമ്മൻ . പുനഃസംഘടനയിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ കെ ശിവദാസൻനായരെ ഒഴിവാക്കിയതിലും അബിൻ വർക്കിക്ക് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെയും ചാണ്ടി ഉമ്മൻ പരസ്യവിമർശനവുമായി രംഗത്തെത്തിയിരുന്നു.


പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും താൻ ഉണ്ടായിരുന്നെന്നും സന്ദേശങ്ങൾ വന്നു കുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഏത് ഗ്രൂപ്പുകളിൽ നിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ല. ഫോൺ പ്രശ്‌നമായിട്ടാണെന്നും ധാരാളം ഗ്രൂപ്പല്ലേ, ഇത്രയും ഗ്രൂപ്പ് വേണോയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.


തന്റെ അഭിപ്രായം പാർട്ടിവിരുദ്ധമായിരുന്നില്ലെന്നും തന്നെ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള വേദന പറഞ്ഞതിനൊപ്പം പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. അബിൻ വാർക്കിയെ ഒഴിവാക്കിയതിലും അഭിപ്രായം പറഞ്ഞ ശേഷം പാർട്ടി നിലപാട് അംഗീകരിക്കുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു.അതേസമയം ചാണ്ടി ഉമ്മന്റെ പരസ്യവിമർശനത്തിൽ ഹൈക്കമാൻ നീരസം അറിയിച്ചു. എഐസിസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഫോണിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ചതായാണ് വിവരം.


യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒ ജെനീഷ് വ്യാഴാഴ്ച പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥനയ്‌ക്കെത്തിയപ്പോൾ ചാണ്ടിയുടെ പ്രതികരണം ഉണ്ടായത്. സംഘടനയ്ക്ക് വേണ്ടി കഷ്ടപ്പെട്ട നേതാവാണ് അബിനെന്നും പുനഃസംഘടയിൽ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കേണ്ടതായിരുന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. തനിക്കും സമാനമായ അനുഭവമാണ് ഉണ്ടായത്. തന്റെ പിതാവിന്റെ ഓർമദിനത്തിൽ തന്നെ പുറത്താക്കിയത് ബോധപൂർവം അപമാനിക്കാനായിരുന്നെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Previous Post Next Post