'ഹൈബി സഭയ്ക്കു വേണ്ടി പറയുമെന്നു കരുതി, വിദ്യാഭ്യാസമന്ത്രി പോപ്പുലർഫ്രണ്ടിനു മുന്നിൽ മുട്ടുമടക്കുന്നു'

തൃശൂർ: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. പോപ്പുലർഫ്രണ്ടിനു മുന്നിൽ മുട്ടുമടക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയും കോൺഗ്രസുമെന്നാണ് വിമർശനം. വിഷയത്തിൽ ഹൈബി ഈഡൻ സഭയ്ക്കുവേണ്ടി എന്തെങ്കിലും പറയുമെന്നാണ് കരുതിയതെന്നും എത്ര ലജ്ജാകരമാണ് നിലപാടെന്നും സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു.


ഹിജാബ് വിവാദത്തിനു പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണ്. വിവാദം നിഷ്‌കളങ്കമല്ല. ക്രിസ്ത്യൻമാനേജ്മെന്റ് സ്‌കൂളുകളിൽ പോയി നിസ്‌കാരത്തിന് സ്ഥലം വേണമെന്ന് ആവശ്യപ്പെടുക അവിടെ ഹിജാബ് ധരിക്കാൻ അനുവാദം വേണം എന്നൊക്കെ പറയുന്നതിനു പിന്നിൽ വളരെ ബോധപൂർവ്വമായ തന്ത്രമുണ്ട്. ഭീകരവാദികൾ എല്ലായിടത്തും അവരുടെ യൂണിഫോം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിൽ മതഭീകരവാദികൾ സ്പോൺസർ ചെയ്യുന്നവരാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.


ഹിജാബ് ആവശ്യം ഒരു രക്ഷിതാവോ പെൺകുട്ടിയോ സ്വമേധയാ വന്ന് ആവശ്യപ്പെടുന്ന കാര്യമല്ല. എല്ലായിടത്തും അസ്വസ്ഥതകളുണ്ടാക്കി സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണിതിനു പിന്നിൽ. മുസ്ലീംലീഗ് അടക്കമുള്ള പാർട്ടികൾ ഭീകരവാദസംഘടനകൾക്കു പിറകേ പോകുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ്. പഞ്ചാരയിൽ പൊതിഞ്ഞു വർഗീയപറയുന്ന പാർട്ടിയാണ് മുസ്ളീംലീഗെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Previous Post Next Post