ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനുമായി ഒരുതരത്തിലുമുള്ള അഭിപ്രായ വ്യത്യാസമില്ലെന്ന് മന്ത്രി സജി ചെറിയാൻ. അഭിപ്രായ വ്യത്യാസം എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. സുധാകരന് തന്നെ വിമർശിക്കാനുള്ള അവകാശമുണ്ടെന്നും തങ്ങൾ തമ്മിൽ വളരെ ആത്മബന്ധമാണെന്നും ആർക്കും അത് അകറ്റാനാകില്ലെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
'ജി സുധാകരൻ പാർട്ടിയുടെ ആലപ്പുഴയിലെ പ്രമുഖനായ നേതാവാണ്. അത് എല്ലാവർക്കും അറിയാവുന്നതാണ്. പാർട്ടിക്കും സർക്കാരിനും ഒരുപാട് സംഭാവനകൾ ചെയ്ത ആളാണ്. നമ്മുടെയെല്ലാം വികാരമാണ് ജി സുധാകരൻ. ഏതെങ്കിലു ഒരുപ്രശ്നം ഉന്നയിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ മോശപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. അദ്ദേഹം ഞങ്ങളിൽ നിന്ന് അകന്നുപോയിരിക്കുന്നു. അദ്ദേഹം സ്വതന്ത്രനായി നടക്കുകയാണെന്ന മാധ്യമങ്ങളുടെ ധാരണ ശരിയല്ല. ഞാൻ ഈ പാർട്ടിയുടെ ഭാഗമാണെന്നാണ് സുധാകരൻ പറഞ്ഞത്. ഞങ്ങളെക്കാൾ കുടത്ത പാർട്ടിക്കാരനാണ്. നിങ്ങളാണ് അദ്ദേഹത്തെ ആട്ടി, ആട്ടി ഓരോ രൂപത്തിൽ ചിത്രീകരിച്ച് പാർട്ടിക്കെതിരാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്. അത് മാധ്യമങ്ങൾ ഉപേക്ഷിച്ചാൽ മതി. അദ്ദേഹം മരണംവരെ സിപിഎമ്മിന്റെ ഭാഗമായിരിക്കും.
അദ്ദേഹത്തത്തെ കണ്ട് സംസാരിക്കേണ്ട കാര്യമുണ്ടെങ്കിൽ ഞങ്ങൾ പോയി സംസാരിക്കും. ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവും പോയി സംസാരിച്ചു. ഞാൻ പോകേണ്ടതുണ്ടെങ്കിൽ ഞാനും പോകും. എംവി ഗോവിന്ദനും എംഎ ബേബിയും പോയി സംസാരിച്ചു. പ്രായപരിധികാരണമാണ് പാർട്ടിയുടെ ഘടകങ്ങളിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യമുണ്ടായത്.എന്നാൽ ക്യാംപെയ്നറായും മറ്റുകാര്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തും. അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന ചുമതലകൾ എല്ലാം തുടർന്നും പാർട്ടി അദ്ദേഹത്തെ ഏൽപ്പിക്കും. അതിന് കുറവ് വന്നിട്ടുണ്ടെങ്കിൽ തിരുത്തും അദ്ദേഹത്തെ ചേർത്ത് പിടിച്ച് മുന്നോട്ടുപോകും.
ആലപ്പുഴയിലെ വിദ്യാർഥി രംഗത്തുനിന്ന് ഞങ്ങളെയൊക്കെ വളർത്തിക്കൊണ്ടുവന്നതിൽ വലിയ പങ്കുവഹിച്ച നേതാവാണ് ജി സുധാകരൻ. അത നന്ദികെട്ടവരൊന്നുമല്ല ഞങ്ങളാരും. ജി സുധാകരനെ തകർത്തിട്ട് ഞങ്ങൾക്കൊന്നും സാധിക്കാനുമില്ല. പാർട്ടി ഏറ്റവും വലിയ ചുമതല കൊടുത്തിട്ടുള്ള അളാണ്. കേരളത്തിലെ പാർട്ടിക്ക് മാതൃകയാകുന്ന പാർട്ടിയാണ് ആലപ്പുഴയിലേത്. എന്നെപ്പോലെ ജൂനിയറായ ഒരാളിനെ ഏതെങ്കിലും കാര്യത്തിൽ തെറ്റിദ്ധരിച്ച്് വിമർശിച്ചിട്ടുണ്ടെങ്കിൽ അതിൽ ഒരു പ്രയാസവും എനിക്കില്ല. ഞാൻ ആ വിമർശനം ഉൾക്കൊള്ളുന്നു. ഞാൻ പറഞ്ഞ വാക്കുകൾ അദ്ദേഹം തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ ആ വാക്കുകൾ പിൻവലിക്കുന്നു. ഇന്നുവരെ പരസ്യമായോ രഹസ്യമായോ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ധാരണപിശക് വന്നിട്ടുണ്ടെങ്കിൽ അത് പിൻവലിച്ചു. ഞങ്ങളെയൊക്കെ ശാസിക്കാൻ അദ്ദേഹത്തിന്് അവകാശമുണ്ട്.
