ആര്‍എസ്‌എസ് ശാഖയിലെ പീഡനത്തെ തുടര്‍ന്ന് യുവാവിന്റെ ആത്മഹത്യ: പൊലീസില്‍ പരാതി നല്‍കി സിപിഎം, കോട്ടയം എലിക്കുളം സ്വദേശി അനന്തു സജിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.


കോട്ടയം എലിക്കുളം സ്വദേശി അനന്തു സജിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

സിപിഎം എലിക്കുളം ലോക്കല്‍ കമ്മിറ്റി പൊൻകുന്നം പൊലീസിനും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കുമാണ് പരാതി നല്‍കിയത്.

ആർഎസ്‌എസ് ശാഖയില്‍ നടക്കുന്ന ഇത്തരം അസാന്മാർഗിക പ്രവർത്തനങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും അനന്തു സജിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നും പരാതിയില്‍ പറയുന്നു. അനന്തു നേരിട്ട പീഡനങ്ങള്‍ അത്രത്തോളം ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

യുവാവിനെ പീഡിപ്പിച്ച ആർഎസ്‌എസ് ശാഖാ പ്രമുഖിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജും ആവശ്യപ്പെട്ടു. ശാഖയില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നാണ് ആത്മഹത്യാ കുറിപ്പ്. ശാഖയില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ എത്രയോ കാലമായി പറയുന്നു. ആർഎസ്‌എസ് ശാഖയിലേക്ക് തെറ്റിധാരണ മൂലം പോയവർക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും വി.കെ സനോജ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഐടി പ്രൊഫഷണല്‍ അനന്തു സജിയെ തമ്ബാനൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.


Previous Post Next Post