തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. എന്തിനും മറുപടി പറയാൻ സർക്കാർ തയ്യാറാണ്. എന്നാൽ പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുന്നു. അതിരുവിട്ട പ്രതിപക്ഷ പ്രതിഷേധമാണ് സഭയിൽ നടന്നതെന്നും സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമെന്നും സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ പ്രത്യേക രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് ദിവസമായി സഭാ നടപടികൾ തടസ്സപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടായില്ല. സഭ നടത്തിക്കൊണ്ടുപോകുന്നതിന് സഹായകരമായ നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്. തുടർച്ചയായ സ്പീക്കറുടെ അഭ്യർഥനയും അവർ സ്വീകരിക്കാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പിക്കറുടെ മുഖം കാണാത്ത രീതിയിൽ മറച്ചുപിടിച്ച പ്രതിഷേധം പ്രതിപക്ഷം പ്രബോധപൂർവം ചെയ്തതാണ്. ഇതിന് മുൻപ് കേരളത്തിൽ ഇത്തരമൊരു പ്രതിഷേധം ഉണ്ടായിട്ടില്ല. രാജ്യത്ത് പലയിടങ്ങളിലായി പാർലമെന്ററി പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ എവിടെെയങ്കിലും ഇത്തരത്തിൽ ബഹുമാനപ്പെട്ട സ്പീക്കറെ സഭയുടെ ദൃശ്യത്തിൽ നിന്ന് മറച്ചുപിടിക്കുന്ന പ്രവർത്തനം ഏതെങ്കിലും പ്രതിപക്ഷം നടത്തിയതായി കണ്ടിട്ടില്ല. സ്പീക്കർ ശ്രമിച്ചത് പ്രതിപക്ഷവുമായി ചർച്ച ചെയ്ത് സമവായമുണ്ടാക്കാൻ കഴിയുമോ എന്നൊരു ശ്രമമാണ് നടത്തിയത്. അതിന്റെ ഭാഗമായി രാവിലെ എട്ടരയ്ക്ക് എല്ലാവരെയും സ്പീക്കർ ക്ഷണിച്ചിരുന്നു. എന്നാൽ ഭരണകക്ഷി നേതാക്കൾ അവിടെ എത്തിയപ്പോഴാണ് പ്രതിപക്ഷത്തെ കാണാതിരുന്നത്. തുടർന്ന് സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ നേതാവിനെ ബന്ധപ്പെട്ടപ്പോൾ ഞങ്ങൾ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയാണ് ചെയ്തത്.
ചോദ്യോത്തരവേള അടക്കം സ്തംഭിപ്പിച്ച പ്രതിഷേധം ഉണ്ടായപ്പോൾ എന്താണ് അവരുടെ ആവശ്യമെന്ന് ചോദിച്ചപ്പോൾ അവർ അത് ഉന്നയിക്കാൻ തയ്യാറായിട്ടില്ല, എന്താണ് അവർ ഭയപ്പെടുന്നത്?. അവർ ഉന്നയിച്ചാൽ ഏത് പ്രശ്‌നത്തിനും മറുപടി തയ്യാറാണ്. അവർ ഉയർത്തിയ ബാനറിൽ ചിലതിൽ കാണാൻ കഴിഞ്ഞത് സഭയിൽ ഭയമെന്നാണ്. അത് സ്വയമേവ അവർക്കുള്ള ഭയമല്ലേ?. അതിന്റെ ഭാഗമായാണ് ഒരു പ്രശ്‌നവും അവർ ഉന്നയിക്കാതിരുന്നത്. സഭയിൽ ഉന്നയിക്കാൻ എന്തെല്ലാം വഴികളുണ്ട്. ചോദ്യോത്തര വേളയിൽ ഉന്നയിക്കാം. അടിയന്തരപ്രമേയമാകാം, ശ്രദ്ധ ക്ഷണിക്കാലാകാം, സബ്മിഷൻ ആകാം ഇതിനെല്ലാം പുറമെ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ പ്രത്യേക അവകാശം ഉന്നയിച്ചുകൊണ്ട് പലകാര്യങ്ങളും പറയാം. ഇതിൽ ഏതെങ്കിലും ഒരുമാർഗം ഉപയോഗിക്കാൻ അവർ തയ്യാറായോ. എന്താണ് അത് കാണിക്കുന്നത് അവർ വസ്തുതകളെ ഭയപ്പെടുന്നു. അത് അവർക്ക് വിഷമകരമായ രീതിയിൽ ഉയർന്നുവരും. വല്ലാത്ത പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. പുകമറ സൃഷ്ടിക്കാൻ എളുപ്പമാണ്. അതിന് അവർക്ക് അവരുടെതായ രീതികൾക്ക് ഉണ്ട്. ആ രീതികൾക്ക് അനുസരിച്ച് അവരോട് ചേർന്ന് നിൽക്കുന്ന മറ്റ് സംവിധാനങ്ങളുണ്ട്. അതെല്ലാം ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനെ ഭയപ്പെടുന്നില്ല. വസ്തുതകൾ വസ്തുതയായി അവതരിപ്പിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തിൽ ഹൈക്കോടതിയുടെ പരിശോധന നടത്താൻ ഇടയായപ്പോൾ സർക്കാർ ആകെ സ്വീകരിച്ച നിലപാട് ഗൗരവമായ പരിശോധനയും അന്വേഷണവും നടക്കണമെന്നതാണ്. എല്ലാ കാലത്തും ഒരുതത്തിലുമുള്ള കുറ്റവാളികളെ സംരക്ഷിച്ചിട്ടില്ല. ആര് തെറ്റ് ചെയ്താലും ആ തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് സർക്കാരിന് ഉള്ളത്. ഹൈക്കോടതിയിൽ കാര്യങ്ങൾ വന്നപ്പോൾ അഭിപ്രായം സർക്കാരും സംവിധാനങ്ങളും അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടണ്ട്. അന്വേഷണം നടക്കുമ്പോൾ അതിൽ സിബിഐ ആണ് നടത്തേണ്ടതെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിന് പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പോകുന്നില്ല. ഒന്നും പറയാൻ ഇല്ലാതെ വന്നപ്പോൾ ഇങ്ങനെയുള്ള രീതികൾ കാണിക്കുകയാണ്.
പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കുന്നത് നേരിൽ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാച്ച് അൻഡ് വാർഡുമാരും മനുഷ്യരാണല്ലോ. അവരെ ആക്രമിക്കുന്നതിനിടെ പ്രതിപക്ഷ അംഗമായ ഒരാൾ മെല്ലെ വലിയ ക്ഷീണഭാവം കാണുകയാണ്. ഇതിനെല്ലാം എന്തിനാണ് ഒരുമ്പെട്ടത്, നിശബ്ദജീവികളായ വാച്ച് ആൻഡ് വാർഡനെ ഉപദ്രവിച്ചത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
