തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്തു. ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിന്റെതാണ് തീരുമാനം. സ്വർണം പൂശിയ ദ്വാരപാലകശിൽപങ്ങൾ ചെമ്പ് തകിട് എന്ന് രേഖപ്പെടുത്തി ഗുരുതരവീഴ്ച വരുത്തി റിപ്പോർട്ട് നൽകിയതിനാണ് നടപടിയെന്ന് ദേവസ്വം ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. സ്വർണപ്പാളി വിവാദത്തിൽ എടുക്കുന്ന ആദ്യനടപടിയാണിത്.
ദേവസ്വം ബോർഡിന്റെ നടപടിയിൽ പ്രതികരിക്കാനില്ലെന്ന് മൂരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു. താനൊരു ഉദ്യോഗസ്ഥനാണ്. നടപടി പൂർണമായി അനുസരിക്കുന്നു. മുപ്പത് വർഷമായി ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്നയാളാണ്. ഇന്നുവരെ നിയമവിധേയമായി മാത്രമാണ് പ്രവർത്തിച്ചത്. തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മൂരാരി ബാബു ആവർത്തിച്ചു. ചെമ്പുപാളിയായതുകൊണ്ടാണ് അങ്ങനെ എഴുതിയത്. തന്റെ കണ്ണുകളെ വിശ്വസിച്ചാണ് എഴുതിയതെന്നും ശ്രീകോവിലിന്റെ കട്ടിളപ്പാളികളും അത്തരത്തിൽ കൊണ്ടുപോയെന്നും മൂരാരി ബാബു പറഞ്ഞു.
ശബരിമലയിൽ സ്വർണ്ണം പൂശാനായി സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയത് ചെമ്പ് പാളിയാണെന്ന് മുരാരി ബാബു ആവർത്തിച്ചു. തന്ത്രിയുടെ നിർദേശ പ്രകാരമാണ് ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശാൻ തീരുമാനിച്ചത്. സ്വർണ്ണം മങ്ങി ചെമ്പു തെളിഞ്ഞുവെന്ന് തന്ത്രി പറഞ്ഞു. ദ്വാരപാലക ശിൽപ്പങ്ങളിൽ ചെറിയ ശതമാനം സ്വർണമാണ് പൂശിയിരുന്നത്. എല്ലായിടത്തും ഒരുപോലെ സ്വർണം പൊതിഞ്ഞിരുന്നില്ല. മേൽക്കൂരയിൽ മാത്രമാണ് സ്വർണം പൊതിഞ്ഞിരുന്നത്. അതുകൊണ്ടാണ് തിളക്കം നഷ്ടപ്പെടാത്തത്. ദ്വാരപാലകരിലും കട്ടിളയിലും സ്വർണം പൂശുകയാണ് ചെയ്തത്. അതുകൊണ്ടാണ് ചെമ്പു തെളിഞ്ഞത്. കൈമാറിയത് അടിസ്ഥാനപരമായി ചെമ്പു പാളി തന്നെയാണ്. അതുകൊണ്ടാണ് മഹസറിൽ അങ്ങനെ രേഖപ്പെടുത്തിയത്. എന്നാൽ ആ മഹസറിൽ താൻ ഒപ്പിട്ടിട്ടില്ല. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാൽ വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പറഞ്ഞു.
സ്വർണ്ണപ്പാളി കൈമാറുമ്പോൾ താൻ ചുമതലയിൽ ഇല്ലായിരുന്നു. 2019 ജുലൈ 16ന് സ്ഥാനം ഒഴിഞ്ഞിരുന്നു. തിരുവഭാരണ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്വർണം പൂശേണ്ടതുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്. അവർ വന്ന് പരിശോധിച്ച ശേഷമാണ് 2019ൽ ഇളക്കി എടുത്തുകൊണ്ട് പോകുന്നതെന്ന് മുരാരി ബാബു പറഞ്ഞു.അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനം എടുക്കാനാവില്ല. വിവരങ്ങൾ പുറത്ത് വരുന്നത് ഇപ്പോൾ മാത്രമാണ്. 2019ൽ സ്വർണം പൂശിയപ്പോൾ 40 വർഷത്തെ വാറന്റി കമ്പനി നൽകിയിട്ടുണ്ടായിരുന്നു. ആ കമ്പനിയുടെ റിപ്പോർട്ടിലാണ് ഇത്തവണ വീണ്ടും ചെയ്ത് തരാമെന്ന് പറയുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടാനും കമ്പനി ആവശ്യപ്പെട്ടിരുന്നുവെന്നും മുരാരി ബാബു പറഞ്ഞു.
