കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി വാഹനം പിടിച്ചെടുത്ത കേസിൽ നടൻ ദുൽഖർ സൽമാന് ആശ്വാസം. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ വാഹനം വിട്ടുകിട്ടാനായി ദുൽഖറിന് കസ്റ്റംസിനെ സമീപിക്കാവുന്നതാണ്. കാർ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദുൽഖറിന്റെ അപേക്ഷ ലഭിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
കസ്റ്റംസ് ആക്ടിലെ സെക്ഷൻ 110 എ പ്രകാരമുള്ള അപേക്ഷയുമായി കസ്റ്റംസ് ആക്ടിന് കീഴിലുള്ള അഡ്ജുഡിക്കേറ്ററി അതോറിറ്റിയെ നടന് സമീപിക്കാവുന്നതാണ്. വാഹനത്തിന്റെ 20 വർഷത്തെ രേഖകൾ ഹാജരാക്കേണ്ടതാണ്. വാഹനം വിട്ടുകൊടുക്കുമ്പോൾ ആവശ്യമായ നിബന്ധനകൾ അധികൃതർക്ക് ഏർപ്പെടുത്താവുന്നതാണ്. അപേക്ഷ നിരസിക്കപ്പെട്ടാൽ ദുൽഖറിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിൽ വ്യക്തമാക്കി.
അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാലും, അന്വേഷണം തുടരേണ്ടതിനാലും അത്തരം കാര്യങ്ങളിലേക്ക് കോടതി കടക്കുന്നില്ല. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് ദുൽഖറിന്റെ വീട്ടിൽ റെയ്ഡ് നടത്തി വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ദുൽഖറിന്റെ കൂടാതെ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളിൽ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു
