കൊച്ചി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ എംഒയു ഒപ്പിടാൻ കേന്ദ്രസർക്കാരിന്റെ എന്തുസമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായതെന്നു വിഡി സതീശൻ ചോദിച്ചു. കേരളത്തെ മുഴുവൻ ഇരുട്ടിലാക്കിയാണ് പിഎംശ്രീയിൽ ഒപ്പിട്ടതെന്നും കബളിപ്പിക്കപ്പെട്ട സാഹചര്യത്തിൽ സിപിഐ മന്ത്രിമാർ രാജിവയ്ക്കുകയാണ് വേണ്ടതെന്നും വിഡി സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കരാർ ഒപ്പിട്ടിരിക്കുന്നത് ഒക്ടോബർ പതിനാറാം തീയതിയാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയത് പത്താം തീയതിയും. അതിനുശേഷം പതിനാറാം തീയതി എംഒയു കൂടിയാലോചനകളില്ലാതെ ഒപ്പിടുന്നു. ഇക്കാര്യം 22ാം തീയതി ചേർന്ന മന്ത്രിസഭാ യോഗത്തിൽ പോലും അറിയിച്ചില്ല. പിഎംശ്രീയിൽ ഒപ്പിടരുതെന്ന് ആ യോഗത്തിൽ സിപിഐ മന്ത്രി കെ രാജൻ പറയുമ്പോഴും ഒപ്പിട്ട കാര്യം മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മറച്ചുപിടിച്ചു. ഇതിലൂടെ കൂടെയുള്ള മന്ത്രിമാരെയും എൽഡിഎഫിലെ മറ്റ് ഘടകകക്ഷികളെയും കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കേരളത്തെ മുഴുവൻ ഇരുട്ടിലാക്കിയാണ് പിഎംശ്രീയിൽ ഒപ്പിട്ടതെന്നും വിഡി സതീശൻ പറഞ്ഞു.
പിഎം ശ്രീപദ്ധതിയിൽ ഒപ്പിടാൻ എന്തുനിർബന്ധമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പുറത്തുപറയണം. എത് തരത്തിലുള്ള ബ്ലാക്ക് മെയിലിങ് ആണ് ഇതിന് പിന്നിലുണ്ടായതെന്നും സതീശൻ ചോദിച്ചു. ഇക്കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും മുന്നണിയിൽ ചർച്ച ചെയ്തില്ല, മന്ത്രിസഭയിൽ ചർച്ച ചെയ്തില്ല, ഒപ്പിട്ടത് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പോലും അറിഞ്ഞിട്ടില്ല. ആരോരും അറിയാതെ ഇത്ര രഹസ്യസ്വഭാവത്തിൽ പിഎം ശ്രീയിൽ ഒപ്പിടാനുള്ള ദുരൂഹതയാണ് ഇനി പുറത്തുവരാനുള്ളതെന്നും വിഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുന്നത് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാത്രമാണ്. ധനമന്ത്രിയും മുഖ്യമന്ത്രിയും ഒട്ടും സാമ്പത്തിക പ്രതിസന്ധിയില്ലന്നു പറയുന്നു. കിഫ്ബി വഴി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അന്തർദേശീയനിലവാരത്തിലെത്തിയെന്ന് പറയുന്നു. പിന്നെ എന്തിനാണ് കീഴടങ്ങി ഇത്തരത്തിലുള്ള പണം വാങ്ങുന്നത്. എല്ലാവരും പരസ്പരവിരുദ്ധമായാണ് പറയുന്നത്. ഒരു യോജിപ്പും ഒരുതീരുമാനത്തിലും ഇല്ല. മുഖ്യമന്ത്രി ഏകപക്ഷീയമായി കാര്യങ്ങൾ അടിച്ചേൽപ്പിക്കുയാണ്. മുഖ്യമന്ത്രിയുടെ മേൽ സമ്മർദം ചെലുത്തുന്നത് സംഘപരിവാർ ശക്തികളാണെന്നും സതീശൻ പറഞ്ഞു.
സംതിങ് ഈ റോസ് എന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. അത് കൃത്യമാണ്. എന്തോ ഒരുകുഴപ്പം പിഎംശ്രീയിൽ ഒപ്പിട്ടതിൽ ഉണ്ട്. സിപിഐ മന്ത്രിമാർ കബളിപ്പിക്കപ്പെട്ട സാഹചര്യത്തിൽ രാജിവച്ച് പോകുകയാണ് വേണ്ടത്. ഒപ്പിട്ട കാര്യം എൽഡിഎഫ് കൺവീനർക്കും പോലും അറിയില്ല. പ്രധാനന്ത്രിയെ കണ്ട് ആറ് ദിവസത്തിനുള്ളിൽ ഒപ്പിടാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയനിലപാടിലെ മാറ്റം മുഖ്യമന്ത്രി പറയണം. ഇക്കാര്യത്തിൽ പ്രതിപക്ഷനേതാവിന് മറപടിയില്ലെങ്കിലും ബിനോയ് വിശ്വത്തിന് മറുപടി പറയേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് വിഡി സതീശൻ പറഞ്ഞു.
