ന്യൂഡൽഹി: ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടു. ഭരണ സൗകര്യം നോക്കി പൂജ മാറ്റിവെക്കരുത്. പൂജകളിലൂടെ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വർധിപ്പിക്കലാണ് തന്ത്രിയുടെ കടമയെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
ഭക്തരുടെ തിരക്ക് നോക്കി പൂജ മാറ്റേണ്ട കാര്യം തന്ത്രിക്കില്ലെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഡിസംബർ ഒന്നിനാണ് ഈ വർഷത്തെ വൃശ്ചികമാസത്തിലെ ഏകാദശി ദിവസം. ഈ തുലാമാസത്തിൽ പൂജ നടത്താമോയെന്ന് ദേവസ്വം ബോർഡ് ആരാഞ്ഞപ്പോൾ, തന്ത്രിക്ക് ഉചിതമെന്ന് തോന്നിയാൽ തുലാമാസത്തിലും ഉദയാസ്തമന പൂജ നടത്താവുന്നതാണെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
കഴിഞ്ഞ തവണ വൃശ്ചിക മാസത്തിലെ ഏകാദശി നാളിൽ നടത്തുന്ന പൂജ തുലാമാസത്തിലെ ഏകാദശിയിലേക്ക് മാറ്റിയിരുന്നു. വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെ തന്ത്രിയുടെ കുടുംബമായ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വർഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പൂജകൾ എന്നിവയിൽ മാറ്റം വരുത്താൻ അധികാരമുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്. ക്ഷേത്രത്തിൽ നിലനിന്നിരുന്ന നിരവധി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുൻ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വം നിയമത്തിലെ 10(ജി) വകുപ്പ് പ്രകാരം ഭക്തർക്ക് എല്ലാ സൗകര്യവും ഒരുക്കേണ്ടത് ദേവസ്വത്തിന് നിയമപരമായ കടമയാണ്. ഇതിന്റെ ഭാഗമായാണ് തന്ത്രിയുടെ അനുവാദത്തോടെ ഏകാദശിയിലെ ഉദയാസ്തമന പൂജ തുലാമാസത്തിലേയ്ക്ക് മാറ്റിയത്. പൂജയില്ലാതെ വൃശ്ചിക ഏകാദശി പൂർത്തിയാകില്ലെന്ന വാദം തെറ്റാണ്. ഏകാദശി ദിവസം പ്രത്യേക പൂജ ഇല്ലെന്നും ഗുരുവായൂർ അഡ്മിനിസ്‌ട്രേറ്റർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
