തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ തുടർന്ന് വെള്ളത്തിൽ വീണ സർക്കാർ രക്ഷപ്പെടാൻ വേണ്ടിയാണ് സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിച്ചത് അടക്കമുള്ള നടപടികൾ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ ഒപ്പ് വെച്ച ശേഷം പരിശോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. യഥാർഥത്തിൽ സ്‌കീമിൽ ഒപ്പിടുന്നതിന് മുൻപാണ് പരിശോധിക്കേണ്ടത്. സമയക്രമം പോലും പ്രഖ്യാപിക്കാതെ ഉപസമിതി നിശ്ചയിച്ചത് സിപിഐയെ കബളിപ്പിക്കുന്നതിന് വേണ്ടിയാണെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ എന്തുകൊടുത്താലും സ്വാഗതം ചെയ്യും. തെരഞ്ഞെടുപ്പിന് മുൻപ് 2500 രൂപ കൊടുക്കാമെന്ന് പറഞ്ഞ സ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സായാഹ്നത്തിൽ 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണെന്നും വി ഡി സതീശൻ ചോദിച്ചു.
'സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ എന്തുകൊടുത്താലും ഞങ്ങൾ സ്വാഗതം ചെയ്യും. ഞങ്ങൾ അതിന് പിന്തുണയ്ക്കും. അഞ്ചുവർഷം മുൻപ് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുന്നതിന് മുൻപ് സാമൂഹിക സുരക്ഷാ പെൻഷൻ 2500 രൂപ ആക്കുമെന്നായിരുന്നു പ്രഖ്യാപനം. നാലരക്കൊല്ലം കഴിഞ്ഞാണ് കൂട്ടിയത്. അടുത്ത ആഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വരുമ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. നാലരക്കൊല്ലത്തിലധികം കാലം ഇത് ചെയ്തില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചില്ല. 2500 രൂപ കൊടുക്കാമെന്ന് പറഞ്ഞ സ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്ത സായാഹ്നത്തിൽ 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണ്? യഥാർഥത്തിൽ 900 രൂപ വീതം നഷ്ടമായിരിക്കുകയാണ്.നാലര വർഷം കൊണ്ട് ഒരാൾക്ക് 52000 രൂപ വീതം നൽകേണ്ടതാണ്. 2500 രൂപ ആക്കാമെന്ന് പറഞ്ഞ് വോട്ട് പിടിച്ച് ജയിച്ച് അധികാരത്തിൽ വന്നിട്ട് നാലര കൊല്ലത്തിനിടെ ഒരു രൂപ പോലും കൂട്ടിയില്ല. തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തിൽ അങ്ങനെ ജനങ്ങളെ കബളിപ്പിക്കാൻ പറ്റില്ല. കൂട്ടിയത് നല്ലകാര്യം. അഞ്ചുമാസം പെൻഷൻ മുടക്കിയ ആളുകളാണ് ഇവർ. കൂട്ടിയതിനെ എതിർക്കില്ല. എന്നാൽ 2500 രൂപ തരാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് അഞ്ചാമത്തെ കൊല്ലമായപ്പോൾ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപാണ് 2000 രൂപ ആക്കിയത്. എന്നാൽ പ്രഖ്യാപിച്ച 2500 ആക്കാൻ പാടില്ലേ. അത് ആക്കിയില്ല'- വി ഡി സതീശൻ തുടർന്നു.
'ആശ വർക്കർമാരുടെ സമരത്തെ പരിഹസിച്ച സർക്കാർ ഇപ്പോൾ ആയിരം രൂപ കൂട്ടിയിരിക്കുകയാണ്. നിലവിൽ അവർക്ക് ദിവസവും 233 രൂപ വീതമാണ് കിട്ടുന്നത്. എല്ലാ ദിവസവും 700 രൂപയാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ 33 രൂപ കൂടുതൽ കൊടുത്തിരിക്കുകയാണ്. ഇത് തെറ്റാണ്. വിഷയത്തെ ഗൗരവത്തോടെ കണ്ട് ഓണറേറിയം കൂട്ടി കൊടുക്കണം. ക്ഷേമനിധിയായി 2500 കോടി രൂപയാണ് കൊടുക്കാനുള്ളത്.അത് കൊടുത്തിട്ടില്ല. കേരളത്തിൽ ആദ്യമായിട്ടാണ് ക്ഷേമനിധി പെൻഷൻ 18, 19 മാസമായി മുടങ്ങി കിടക്കുന്നത്. ക്ഷേമനിധികൾ ഇതുപോലെ മുടങ്ങിയ കാലമില്ല'- വി ഡി സതീശൻ പറഞ്ഞു.
