തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിലെ പ്രതിഷേധത്തിൽ സിപിഐ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സിപിഐ ആസ്ഥാനത്തുവെച്ച് മന്ത്രി ജി ആർ അനിൽ തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തി. അനിലിന്റെ പ്രസ്താവന തന്റെ മനസിനെ വേദനിപ്പിച്ചെന്നും ശിവൻകുട്ടി പറഞ്ഞു.
ഓഫിസിൽ വന്നാൽ സംസാരിക്കാതെ പറ്റുമോ എന്നാണ് അനിൽ തന്റെ സന്ദർശനത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. എവിടെയോ കിടന്ന ഒരുത്തൻ ഓഫിസിൽ വന്നതുപോലെ പുച്ഛത്തോടെയാണ് മന്ത്രി ജി ആർ അനിൽ പെരുമാറിയതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെക്കുറിച്ച് പ്രകാശ് ബാബു പറഞ്ഞതിനെയും ശിവൻകുട്ടി വിമർശിച്ചു.
സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി നിസഹായനാണെന്നാണ് കെ പ്രകാശ് ബാബു പറഞ്ഞത്. ഇതു ശരിയായില്ല. എഐഎസ്എഫും എഐവൈഎഫും തന്റെ ഓഫിസിലേക്കു നടത്തിയ മാർച്ചിൽ വിളിച്ച മുദ്രാവാക്യങ്ങളും വാക്കുകളും തന്നെ വേദനിപ്പിച്ചു. സിപിഐ-സിപിഎം നേതാക്കളും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ ചർച്ചചെയ്ത് കൊണ്ടിരിക്കുന്നതിനിടെ ഇത് പാടില്ലായിരുന്നുവെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
പ്രതിപക്ഷത്തെക്കാൾ രൂക്ഷമായ വിമർശനമാണ് തനിക്കെതിരേ നടത്തിയത്. ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത മുദ്രാവാക്യങ്ങൾ വരെ തനിക്കെതിരെ വിളിച്ചു. തർക്കമുണ്ടാകുമ്പോൾ ഉപയോഗിക്കേണ്ട വാക്കുകളും നടത്തേണ്ട പ്രവൃത്തികളും സംബന്ധിച്ചിടത്തോളം ഒന്നുകൂടെ പക്വതയോടെ ചെയ്യണമായിരുന്നു. വേദന തോന്നുന്നരീതിയിലുള്ള പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
