രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുകളിലെ പരാതിക്കാർക്ക് നഷ്ടപ്പെട്ട പണം ചെക്ക് വഴിയോ എടിഎം വഴിയോ പിൻവലിച്ച് തട്ടിപ്പുകാർക്ക് സഹായം ചെയ്തു പ്രതിഫലം വാങ്ങിക്കുന്ന വിവിധ മ്യൂൾ ബാങ്ക് അക്കൗണ്ട് ഹോൾഡർമാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വേണ്ടി സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ADGP സൈബർ ഓപ്പറേഷന്റെ മേൽനോട്ടത്തിൽ സംസ്ഥാനതൊട്ടാകെ നടത്തിയ വിപുലമായ സൈബർ പരിശോധനയാണ് "സൈഹണ്ട്".
ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ. IPS ന്റെ നിർദ്ദേശപ്രകാരം കോട്ടയം ജില്ലയിൽ 30 സ്റ്റേഷനുകളിൽ സൈഹണ്ട് ഓപ്പറേഷൻ നടന്നു. ജില്ലയിലാകെ 102 ഓളം റെയ്ഡുകൾ നടന്നു.
ഇതിൽ 11 സ്റ്റേഷനുകളിലായി 15 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. 9 അറസ്റ്റുകൾ നടന്നു ആറു പേർക്ക് നോട്ടീസ് ഇഷ്യൂ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ SHO ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള സൈബർ എക്സ്പേർട്ടുകൾ ഓപ്പറേഷന് നേതൃത്വം നൽകി.
കോട്ടയം വെസ്റ്റ്,ഈസ്റ്റ്, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ചിങ്ങവനം, വാകത്താനം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, രാമപുരം, വൈക്കം എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വർദ്ധിച്ചുവരുന്ന സൈബർ തട്ടിപ്പുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകളും നടപടികളും ഉണ്ടാകും.
സൈബർ സാമ്പത്തിക തട്ടിപ്പുകാർക്ക് സഹായകമാകും വിധം സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി ഈ അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകി പണം കൈപ്പറ്റുന്ന ആളുകളും ഇത്തരം കേസിൽ പ്രതികൾ ആകും എന്നത് ഓർത്തിരിക്കുക.
സൈബർ തട്ടിപ്പുകൾക്ക് ഇരയാവുകയോ, സംശയം തോന്നുകയോ ചെയ്താൽ എത്രയും പെട്ടെന്ന് സൈബർ ഹെൽപ്പ് ലൈൻ നമ്പർ ആയ 1930 ൽ വിളിക്കുക.