പിഎം ശ്രീ; 5000 കോടി വേണ്ടെന്ന് വയ്ക്കാന്‍ കേരളത്തിന്റെ ധനസ്ഥിതി അനുവദിക്കുന്നില്ല: ഡോ. തോമസ് ഐസക്

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തില്‍ തെറ്റില്ലെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. പദ്ധതിയുടെ ഭാഗമാകുമ്ബോള്‍ ലഭിക്കുന്ന 5000 കോടി രൂപ വേണ്ട എന്ന് വയ്ക്കുവാന്‍ കേരളത്തിന്റെ ധനസ്ഥിതി അനുവദിക്കുന്നില്ല. അതുകൊണ്ട് പിഎം ശ്രീ യില്‍ ഒപ്പു വയ്ക്കേണ്ടിവരുമെന്നാണ് തോമസ് ഐസകിന്റെ നിലപാട്. പിഎം ശ്രീ പദ്ധതിയില്‍ കേരളം പങ്കാളികളാകുമ്ബോഴും പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് സര്‍ക്കാർ പിന്നോട്ട് പോകില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക് പറയുന്നു. ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസകിന്റെ പ്രതികരണം.

ഒന്നില്ലെങ്കില്‍ പിഎം ശ്രീ തള്ളണം. അല്ലെങ്കില്‍ അടിയറവു പറഞ്ഞു കീഴടങ്ങണം. അതിനിടയില്‍ നിന്ന് സമരം ചെയ്യാന്‍ ഒരിടവുമില്ലെന്ന വാദങ്ങള്‍ തള്ളാനും മുന്‍ ധന മന്ത്രി തയ്യാറുകുന്നു. പൊതുവിദ്യാഭ്യാസ രീതിയില്‍ ഊന്നിക്കൊണ്ടുള്ള മതനിരപേക്ഷ വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള കരുക്കള്‍ കേരളം കണ്ടെത്തും. ഒരു ഫെഡറല്‍ രാജ്യത്ത് സംസ്ഥാനങ്ങള്‍ക്കുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നാണു നാം ബദലുകള്‍ ഉയര്‍ത്തുന്നത്. ഇതേ നിലപാട് പിഎം ശ്രീയിലും കൈക്കൊള്ളും. ആര്‍എസ്‌എസ് വിദ്യാഭ്യാസനയത്തിനെതിരായ കേരളത്തിന്റെ പോരാട്ടം കേരളം തുടമെന്നും തോമസ് ഐസക് പറയുന്നു.

പോസ്റ്റ് പൂർണരൂപം-

ഒന്നില്ലെങ്കില്‍ കറുപ്പ് അല്ലെങ്കില്‍ വെളുപ്പ്. ചിലർക്ക് ഇവയ്ക്ക് രണ്ടിനുമിടയില്‍ മറ്റൊന്നും കാണുവാനാവില്ല. ഒന്നില്ലെങ്കില്‍ PM SHRI വേണ്ട എന്നുപറഞ്ഞു തള്ളണം. അല്ലെങ്കില്‍ അടിയറവു പറഞ്ഞു കീഴടങ്ങണം. അതിനിടയില്‍ നിന്ന് സമരം ചെയ്യാൻ ഒരിടവുമില്ല. ഇങ്ങനെയുള്ള വർത്തമാനം കേള്‍ക്കുമ്ബോള്‍ ഞാൻ ഓർക്കുക ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് സ്കീമിനെക്കുറിച്ചാണ്.

നമ്മള്‍ ഇൻഷുറൻസിന്റെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യപരിപാലനത്തിനു എതിരാണ്. പൊതു ആരോഗ്യ സംവിധാനത്തെ അടിസ്ഥാനമാക്കി നല്‍കേണ്ട ഒന്നാണ് ആരോഗ്യ പരിരക്ഷ എന്നതാണ് നമ്മളുടെ നിലപാട്. ജനകീയാരോഗ്യ പ്രസ്ഥാനത്തില്‍ ഞാൻ ഇപ്പോഴും ഓർക്കുന്ന ഒരു പ്രസംഗം 80 കളില്‍ ഡോ. ബി ഇക്‌ബാല്‍ നടത്തിയതാണ്. "അമേരിക്കയുടെ ഇൻഷുറൻസ് അടിസ്ഥാനത്തിലുള്ള ആരോഗ്യ പരിപാലനം ജനവിരുദ്ധമാണ്. നമ്മുക്കഭികാമ്യം ഇംഗ്ലണ്ടിലെ നാഷ്ണല്‍ ഹെല്‍ത്ത് സർവീസ് സ്‌കീം ആണ്". കേരളത്തിലെ പുരോഗമന പ്രസ്ഥാനം എക്കാലത്തും നിലനിന്നത് പൊതു ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്ന സമീപനത്തിനൊപ്പമാണ്. ഇതാണ് കഴിഞ്ഞ പത്തു വർഷ കാലമായി കേരളത്തില്‍ ചെയ്തുവരുന്നത്. എന്തൊരു വിസ്മയകരമായ മാറ്റമാണ് പൊതു ആരോഗ്യമേഖലയുടെ കാര്യത്തില്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായത്.

ഇതിനിടയില്‍ കേന്ദ്ര സർക്കാർ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് സ്‌കീമുമായി എത്തി. നമ്മള്‍ ശക്തമായ എതിർപ്പുയർത്തി പക്ഷെ സ്‌കീം ഏറ്റെടുത്തില്ലെങ്കില്‍ എൻ എച്ച്‌ എം ന്റെ ഫണ്ട് പോകും. എതിർപ്പ് നിലനിർത്തിക്കൊണ്ടുതന്നെ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് നമ്മള്‍ നടപ്പിലാക്കാൻ തീരുമാനിച്ചു. നമ്മള്‍ ചർച്ച ചെയ്തു ചില കാതലായ മാറ്റങ്ങള്‍ കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിച്ചു.

PM Shri പദ്ധതി ഇപ്പോള്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ആയുഷ്മാൻ ഭാരതില്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തിയിരുന്നു. അവർക്കുള്ള പ്രീമിയവും സർക്കാരാണ് കൊടുക്കുന്നത്. അഥവാ സർക്കാർ പണം സ്വകാര്യ ആശുപത്രികള്‍ക്ക് കൈമാറുന്ന ഒരു സ്‌കീം ആയിരുന്നു ഇത്. ഇതെങ്ങിനെ കുറയ്ക്കാം എന്നതായി ആലോചന. അതിനു കണ്ട മാർഗ്ഗം ലളിതമായിരുന്നു. ഓരോ ആശുപത്രി ഇനം ചെലവിനും ഇൻഷുറൻസ് കമ്ബനി കൊടുക്കേണ്ട തുക സംസ്ഥാന സർക്കാരാണ് തീരുമാനിക്കേണ്ടിയിരുന്നത്. നമ്മള്‍ അത് താഴ്ത്തി നിശ്ചയിച്ചു. കനത്ത ഫീസ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ അതോടെ ഇൻഷുറൻസ് കരാറില്‍ ഏർപ്പെടാൻ വിസമ്മതിച്ചു. സർക്കാർ ആശുപത്രികളും, ഇടത്തരം ആശുപത്രികളും മാത്രമായി കേരളത്തിലെ സേവനദാതാക്കള്‍.

ഒരു കാര്യം കൂടി നമ്മള്‍ തീരുമാനിച്ചു. സർക്കാർ ആശുപത്രിയില്‍ കിട്ടുന്ന ഇൻഷുറൻസ് തുക സർക്കാരിലേക്ക് അടയ്‌ക്കേണ്ട. പകരം അതത് ആശുപത്രികളുടെ വികസനചിലവിനായി ആ തുക ഉപയോഗിക്കാം. അതോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് സർക്കാർ ആശുപത്രികള്‍ തമ്മില്‍ ചെറിയൊരു മത്സരം ഉണ്ടായി. കാരണം കൂടുതല്‍ നല്ല സേവനം നല്‍കുന്ന ആശുപത്രികളിലേക്ക് കൂടുതല്‍ രോഗികളും കൂടുതല്‍ ഇൻഷുറൻസ് തുകയും കിട്ടും എന്നതുതന്നെ.

രണ്ടാമത് ഒരു കാര്യം കൂടി കേരളം ചെയ്തു. കേന്ദ്രത്തിന്റെ ഇൻഷുറൻസ് സ്‌കീം BPL കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നു. കേരളം പറഞ്ഞു അത് പറ്റില്ല ആരോഗ്യ കാർഡുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണം. ഏതാണ്ട് മറ്റൊരു 20 ലക്ഷം പേർക്ക് കൂടി അതോടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വലിയ തർക്കങ്ങള്‍ക്ക് ഇത് വഴിവെച്ചു. അവസാനം ഒത്തുതീർപ്പായി BPL ഇതര കുടുംബങ്ങള്‍ക്കുള്ള ഇൻഷുറൻസ് തുക കേന്ദ്രം നല്‍കില്ല. പക്ഷെ കേന്ദ്ര ഇൻഷുറൻസ് പോർട്ടലിനു സമാനമായ ഒന്ന് ഉപയോഗിക്കാൻ നമ്മുക്ക് അനുവാദം കിട്ടി. അപ്പോള്‍ നമ്മള്‍ മാറ്റര് കാര്യം കൂടി ചെയ്തു ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഉള്ളതുകൊണ്ട് പ്രീമിയം വളരെ ചെറുതാണ്. ആ തുക അടയ്ക്കുക ആണെങ്കില്‍ നമ്മുടെ ഇൻഷുറൻസ് സ്‌കീമില്‍ ചേരുവാൻ ഉയർന്ന വരുമാനം ഉള്ളവർക്കും അനുവാദം കൊടുത്തു.

ആയുഷ്മാൻ ഭാരതുമായി ഒത്തുതീർപ്പില്‍ എത്തിയതുകൊണ്ട് കേരളത്തിന്റെ ആരോഗ്യരംഗം തകർന്നോ? തർക്കങ്ങള്‍ പലതും പിന്നീടും ഉണ്ടായിട്ടുണ്ട്. നമ്മുടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഹിന്ദി പേര് വയ്ക്കണമെന്ന് കേന്ദ്രത്തിന്റെ വാശി. NHM ഫണ്ട് വേണമെങ്കില്‍ നമ്മള്‍ വഴങ്ങിയേ തീരൂ. കേന്ദ്രത്തിന്റെ ആരോഗ്യമന്ദിറിന്റെ ബോർഡിനേക്കാള്‍ വലിപ്പത്തില്‍ നമ്മുടെ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ബോർഡ് സ്ഥാപിച്ചുകൊണ്ട് ആ പ്രശ്നം നാം മറികടന്നു.

കേന്ദ്രം ബിജെപിയും സംസ്ഥാനം ഇടതുപക്ഷവും ആയിരിക്കുന്നിടത്തോളം കാലം ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ തുടരും. അതുകൊണ്ട് ഒരു കാര്യത്തില്‍ ഉണ്ടാക്കുന്ന ഒത്തുതീർപ്പ്, നയം മാറ്റവും കീഴടങ്ങളുമായി തെറ്റിദ്ധരിക്കേണ്ടതില്ല.

കേരളത്തിന്റെ വിശ്രുതമായ ഭൂപരിഷ്കരണത്തിന്റെ കാര്യമെടുക്കു. പ്ലാന്റേഷൻ മേഖലകളെ ഒഴിവാക്കണം എന്നായിരുന്നു 1957ലെ കേന്ദ്ര നിലപാട്. അതിനൊരുപായവും അവർകണ്ടു പ്ലാന്റേഷനുകളില്‍ വിദേശകമ്ബനികള്‍ ഉണ്ടല്ലോ? അവയ്‌ക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തിനു അധികാരമില്ല. അങ്ങിനെയാണ് പ്ലാന്റേഷനുകള്‍ ഒഴിവാക്കി അന്ന് ഭൂപരിഷ്കരണ നിയമം പാസാക്കിയത്.

ഒരു ഫെഡറല്‍ രാജ്യത്ത് സംസ്ഥാനങ്ങള്‍ക്കുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നാണു നാം ബദലുകള്‍ ഉയർത്തുന്നത്. ഇതാണ് നമ്മള്‍ PM Shri യിലും ചെയ്യുക.

ആർ എസ് എസ് വിദ്യാഭ്യാസനയത്തിനെതിരായ കേരളത്തിന്റെ പോരാട്ടം നമ്മള്‍ തുടരും. എന്നാല്‍ 5000 കോടി രൂപ വേണ്ട എന്ന് വയ്ക്കുവാൻ കേരളത്തിന്റെ ധനസ്ഥിതി അനുവദിക്കുന്നില്ല. അതുകൊണ്ട് PM Shri യില്‍ ഒപ്പു വയ്‌ക്കേണ്ടിവരും.പക്ഷെ, പൊതുവിദ്യാഭ്യാസ സംബ്രദായത്തില്‍ ഊന്നിക്കൊണ്ടുള്ള നമ്മളുടെ മതനിരപേക്ഷ വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള കരുക്കള്‍ നാം കണ്ടെത്തും.

Previous Post Next Post