പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെച്ചൊല്ലി ഇടതുമുന്നണിയില്‍ കലഹം.
സര്‍ക്കാര്‍ നടപടിക്കെതിരെ സഖ്യകക്ഷികളായ സിപിഐയും ആര്‍ജെഡിയും രംഗത്തെത്തി. പാര്‍ട്ടിയുടെ എതിര്‍പ്പ് വകവെക്കാതെ, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാട് ചര്‍ച്ച ചെയ്യാനായി അടിയന്തര സിപിഐ സെക്രട്ടേറിയറ്റ് യോഗം വിളിച്ചു ചേര്‍ത്തു.
യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം 12.30 ന് നിലപാട് വ്യക്തമാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തില്‍ തന്റെ നിലപാട് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ല. കൂട്ടായി അന്വേഷിക്കുന്നുണ്ട്, പോംവഴി നമുക്ക് ഉണ്ടാക്കാം എന്നാണ് പാര്‍ട്ടിക്കു മുന്നിലെ പോംവഴി എന്താണെന്ന ചോദ്യത്തിന് ബിനോയ് വിശ്വം മറുപടി നല്‍കി.
എന്തായാലും മുന്നണി പോകേണ്ട വഴി ഇതല്ല. മുന്നണി വിടുമോയെന്ന ചോദ്യത്തിന് അതെല്ലാം 12.30 ന് ശേഷം പറയാമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാലു വര്‍ഷം പദ്ധതിയില്‍ ഒപ്പിടാതിരുന്നത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ടവര്‍ പറയണമെന്ന് സിപിഐ നേതാവ് പി സന്തോഷ് കുമാര്‍ എംപി പറഞ്ഞു. തലയില്‍ മുണ്ടിട്ടു വന്ന് ഒപ്പിട്ടു എന്നല്ലേ വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്. എന്‍ഇപിയെയും പി എം ശ്രീയെയും സിപിഐ ന്യായമായ കാരണങ്ങളാലാണ് ശക്തിയുക്തം എതിര്‍ക്കുന്നത്. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ നിലപാടാണ് ഇതെന്നും പാര്‍ട്ടി നേതാവ് പി സന്തോഷ് കുമാര്‍ എംപി പറഞ്ഞു.
'നമ്മള്‍ കീഴടങ്ങാന്‍ പാടില്ലായിരുന്നു'
പദ്ധതിയില്‍ ഒപ്പിട്ടതിനെ ആര്‍ജെഡിയും എതിര്‍ത്തു. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടുന്നതിനു മുമ്ബ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമായിരുന്നുവെന്ന് ആര്‍ജെഡി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടതാണ്. അങ്ങനെയൊരു കോണ്‍സ്റ്റിറ്റിയൂഷണല്‍ ലിസ്റ്റില്‍ പെട്ട പദ്ധതി ഏകപക്ഷീയമായി നടപ്പാക്കണണെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടാല്‍ അതിനെതിരെ സുപ്രീംകോടതിയെ സമീപികക്കണമായിരുന്നുവെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ പദ്ധതിയെ ആര്‍ജെഡി അംഗീകരിക്കുന്നില്ല. ഏകപക്ഷീയമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയത്. അങ്ങേയറ്റം പ്രതിലോമകരവും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. കേരളത്തില്‍ പൊതുവിദ്യാഭ്യാസം വളര്‍ത്തിയത് കേന്ദ്രസഹായം കൊണ്ടൊന്നുമല്ല. സമീപകാലത്തു മാത്രമാണ് കേന്ദ്രസഹായം ലഭിച്ചിട്ടുള്ളത്.
കേരളത്തില്‍ പുരോഗമനപരവും മതനിരപേക്ഷവുമായ പൊതുവിദ്യാഭ്യാസം വളര്‍ത്തിയെടുത്തത് ഇവിടുത്തെ മത-നവോത്ഥാന പ്രസ്ഥാനങ്ങളുടെയും സര്‍ക്കാരുകളുടേയും പൗരസമൂഹത്തിന്റെയും പിന്തുണയോടു കൂടിയാണ്. 1500 കോടി രൂപയ്ക്കു വേണ്ടി കേന്ദ്ര പദ്ധതിയില്‍ ഒപ്പിടുമ്ബോള്‍ ഈ ചരിത്രം വിസ്മരിക്കാന്‍ പാടില്ലായിരുന്നു. രാജ്യത്തെ ജനങ്ങള്‍ കേരളത്തിലെ ഇടതുമുന്നണിയെ ഉറ്റു നോക്കുകയായിരുന്നു. നമ്മള്‍ കീഴടങ്ങാന്‍ പാടില്ലായിരുന്നുവെന്നും വര്‍ഗീസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.