വിജയുടെ റാലിക്കിടെ വൻ ദുരന്തം, മരണ സംഖ്യ ഉയരുന്നു, മന്ത്രിമാര്‍ സ്ഥലത്തേക്ക്, മുഖ്യമന്ത്രി സ്റ്റാലിൻ നാളെ കരൂരില്‍


തമിഴകം വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിയുടെ കരൂരിലെ റാലിക്കിടെയുണ്ടായ വൻ തിരക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 30 കടന്നു

കുട്ടികളും സ്ത്രീകളുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തര ചികിത്സകള്‍ ലഭ്യമാക്കാൻ ആശുപത്രികള്‍ക്ക് നിർദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച്‌ മന്ത്രിമാർ സ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ നാളെ പുലർച്ചെ തിരുച്ചി വഴി കരൂരില്‍ എത്തും.

ജനങ്ങള്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സകള്‍ ലഭ്യമാക്കാനും രക്ഷാ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുൻ മന്ത്രി വി. സെന്തില്‍ ബാലാജിയെയും, മന്ത്രി മാ. സുബ്രഹ്മണ്യനെയും നിയോഗിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജില്ലാ കളക്ടറെ ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യാൻ നിർദ്ദേശം നല്‍കി. അവിടത്തെ സ്ഥിതി എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കാൻ എ.ഡി.ജി.പി.യുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങള്‍ സഹകരിക്കണമെന്നും സ്റ്റാലിൻ അഭ്യർത്ഥിച്ചു. ട്രിച്ചി, ഡിണ്ടിഗല്‍ ജില്ലാ കളക്ടർമാരോടും കരൂരിലേക്ക് പോകാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Previous Post Next Post