നമ്മൾ മലയാളികൾക്ക് സാമ്പാർ ഇല്ലാതെ സദ്യ കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ല. പച്ചക്കറിയും പരിപ്പും പുളിയും മസാലയുമൊക്കെ ചേർത്തുണ്ടാക്കുന്ന സാമ്പാറിന്റെ മണം മൂക്കിലേക്ക് അടിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. ചോറിനൊപ്പം മാത്രമല്ല, ഇഡ്ലിക്കും ദോശയ്ക്കും എന്തിനേറെ പറയുന്നു പൊറോട്ടയ്ക്ക് വരെ സാമ്പാർ നല്ല കിടിലൻ കോമ്പിനേഷനാണ്. സാമ്പാർ എന്ന് കേൾക്കുമ്പോൾ ഒരു ദക്ഷിണേന്ത്യൻ മയമാണെന്ന് തോന്നാമെങ്കിലും സാമ്പാർ തെക്കനല്ല. സാമ്പാറിന്റെ ജനനം അങ്ങ് മഹാരാഷ്ട്രയിലാണ്.
'സാംബാജി ആഹർ' അങ്ങനെ സാമ്പാർ ആയി
17-ാം നൂറ്റാണ്ടിലെ തഞ്ചാവൂർ മാറാത്ത കൊട്ടാരത്തിൽ നിന്നാണ് സാമ്പാറിന്റെ ജനനം. ശിവാജി മഹാരാജാവിന്റെ മകനും യോദ്ധാവുമായ സാംബാജി കൊട്ടാരത്തിൽ സന്ദർശനത്തിന് എത്തിയപ്പോൾ കൊട്ടാരം പാചകക്കാർ കൊക്കം ( പനംപുളി, പിനാർ പുളി എന്നൊക്കെ അറിയപ്പെടുന്നു) ചേർത്ത മഹാരാഷ്ട്ര പരിപ്പ് വിഭവമായ ആംതി വിളമ്പാൻ പദ്ധതിയിട്ടു. എന്നാൽ വിഭവം പകുതി പാകമായപ്പോഴാണ് കൊക്കം തീർന്നുപോയ വിവരം പാചകക്കാരൻ ശ്രദ്ധിക്കുന്നത്.
ഉടൻ തന്നെ വെന്ത പച്ചക്കറിയും പരിപ്പുമൊക്കെ ചേർന്ന കൂട്ടിലേക്ക് തെക്കൻ വിഭവമായ പുളിയും കൂടി ചേർത്തു. അബദ്ധം പറ്റിയെങ്കിലും സാംബാജിക്ക് വിഭവം വളരെയധികം ഇഷ്ടപ്പെട്ടു. പിൻകാലത്ത് ഈ വിഭവം സാംബാജി ആഹർ എന്ന് അറിയപ്പെട്ടു. കാലക്രമേണ സാംബാജി ആഹർ സാമ്പാറായി. പിന്നീട് സാമ്പാർ കർണാടക, തമിഴ് നാട്, കേരളം എന്നിവടങ്ങളിൽ വ്യാപിച്ചു.
ഇന്ന് ഇന്ത്യയിൽ ഇരുപതിലധികം സാമ്പാർ വെറൈറ്റികൾ ഉണ്ട്. മഹാരാഷ്ട്രയിൽ പച്ചക്കറികളും പരിപ്പും മസാലയും മാത്രമാണെങ്കിൽ ദക്ഷിണേന്ത്യയിലേക്ക് വരുമ്പോൾ സാമ്പാറിൽ തേങ്ങയും ചേർക്കാറുണ്ട്.
