തിരുവോണത്തിന് പിന്നാലെ ഗ്രാമവീഥികൾ കീഴടക്കാൻ അവരെത്തും;അറിയാം കുമ്മാട്ടിക്കളിയുടെ ഐതീഹ്യം


 തൃശൂർ: തിരുവോണം കഴിഞ്ഞാൽ തൃശൂരിന്റെ കുമ്മാട്ടികൾ ഗ്രാമവീഥികൾ കീഴടക്കും. രണ്ടോണനാളിൽ തെക്കുംമുറിക്കാരുടേയും മൂന്നോണനാളിൽ വടക്കുംമുറിക്കാരുടേയും കുമ്മാട്ടികൾ നാടുചുറ്റാനിറങ്ങും. ശിവന്റെ ഭൂതഗണങ്ങൾ എന്ന സങ്കൽപ്പമുള്ള കുമ്മാട്ടിക്കൂട്ടങ്ങൾ ഇന്ന് ദേശങ്ങളുടെ ആഘോഷമായി മാറിയിരിക്കയാണ്.


മുമ്പെല്ലാം വീടുവീടാന്തരം കയറിയിറങ്ങി നടത്തിയിരുന്ന കുമ്മാട്ടിക്കളി രണ്ടോണനാളിലും മൂന്നോണനാളിലും ഘോഷയാത്രയായി ഗ്രാമവീഥികളെ ആവേശത്തിലാഴ്ത്തും. ആദ്യകാലത്ത് പാളയിൽ ചായം തേച്ചുണ്ടാക്കിയ മുഖങ്ങളായിരുന്നു. പിന്നീടാണ് വരിക്കപ്ലാവുകൊണ്ടുള്ള മുഖങ്ങൾ നിർമ്മിച്ചത്. ഒരുകിലോ തൂക്കം വരുന്ന മുഖങ്ങൾ അണിഞ്ഞാണ് കുമ്മാട്ടികളിറങ്ങുക.


ഭക്തരെ ആന്ദപ്പിക്കാനായി പരമശിവൻ അയച്ച ഭൂതഗണങ്ങളുടെ നൃത്തമായാണു കുമ്മാട്ടി ഉത്സവത്തെ വിശേഷിപ്പിക്കുന്നത്. കിരാതത്തിനു ശേഷം ഗണപതിയെ പ്രീതിപ്പെടുത്താനായി ശിവഭൂതഗണങ്ങൾ പലവിധ വേഷങ്ങളോടെ കെട്ടിയാടിയെന്നും പിന്നീടു ഗണപതിയും പങ്കുചേർന്നെന്നും ഇതു കുമ്മാട്ടിയെന്ന പേരിൽ ആചരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ദേഹമാകെ പർപ്പടകപ്പുല്ല് എന്ന പ്രത്യേകയിനം പുല്ല് വെച്ചുകെട്ടിയാണ് കുമ്മാട്ടികൾ ഒരുങ്ങുക.


പരമശിവന്റെ പ്രതീകമായി കിരാതമുഖവും പാർവ്വതിയുടെ പ്രതീകമായി അമ്മയുടെ മുഖവും നന്ദികേശന്റെ പ്രതീകമായി ഹനൂമാന്റെ മുഖവും ഉപയോഗിക്കുന്നു. ഈ മൂന്നു മുഖങ്ങളാണ് ഏറ്റവും പഴക്കമുള്ളവ. എൺപത്തിനാലുവർഷം തികയുന്ന വേളയിൽ ഇക്കുറി കുമ്മാട്ടിക്കളി ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് തെക്കുംമുറി കുമ്മാട്ടിസംഘം.


Previous Post Next Post