ഭക്ഷ്യവിഷബാധ യാത്രകളിലെ വില്ലൻ, ചില മുൻകരുതൽ വേണം

അവധിക്കാലത്ത് പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ആശങ്കയുണ്ടാക്കുന്ന ഒരു പ്രധാന പ്രശ്നം, ഭക്ഷ്യവിഷബാധയാണ്. പുറത്തു നിന്ന് കഴിക്കുന്ന ഭക്ഷണം പണി തന്നാൽ മുഴുവൻ യാത്രയും ഫ്ലോപ്പ് ആകും. ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി, ക്ഷീണം തുടങ്ങിയവയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ. ഇത്തരം പ്രശ്‌നങ്ങളിലൊന്നും പെടാതെ വളരെ സന്തോഷത്തോടെ യാത്രകൾ പൂർത്തീകരിക്കാൻ ചില മുൻകരുതലുകൾ എടുക്കാം.


മലിന ജലവും പഴകിയതും മോശവുമായ ഭക്ഷണവുമാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങൾ. യാത്ര ചെയ്യുമ്പോൾ, വിശ്വസനീയമായ ബ്രാൻഡുകളിൽ നിന്നുള്ള സീൽ ചെയ്ത കുപ്പിവെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ വീട്ടിൽ നിന്ന് തിളപ്പിച്ചാറ്റിയ വെള്ളം കരുതുക. വഴിയോരത്തെ ടാപ്പുകൾ, പ്രാദേശിക ജലസ്രോതസ്സുകൾ, അല്ലെങ്കിൽ ഫിൽട്ടർ ചെയ്യാത്ത ഹോട്ടൽ വെള്ളം എന്നിവ കുടിക്കുന്നത് മുഴുവനായും ഒഴിവാക്കുക, കാരണം അവയിൽ ഹാനികരമായ സൂക്ഷ്മാണുക്കൾ അടങ്ങിയിരിക്കാം.


സുരക്ഷിതമായ വെള്ളം എളുപ്പത്തിൽ ലഭ്യമല്ലാത്തപ്പോൾ പോർട്ടബിൾ വാട്ടർ ഫിൽട്ടറുകളോ പ്യൂരിഫയർ ബോട്ടിലുകളോ ജീവൻരക്ഷാ മാർ​ഗമാകും. അതിനാൽ പ്യൂരിഫയറോടുകൂടിയ, പുനരുപയോഗിക്കാവുന്ന വാട്ടർ ബോട്ടിൽ യാത്രയിൽ കരുതുന്നതും നല്ലതാണ്. ഇവ യാത്രയ്ക്കിടയിലുള്ള വയറ്റിലെ അണുബാധയുടെ സാധ്യത കുറയ്ക്കുന്നു.


തെരുവോര ഭക്ഷണം ആകർഷകമായി തോന്നാം. എന്നാൽ വഴിയോരക്കടകളിൽ പലപ്പോഴും ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിക്കുകയും ചേരുവകൾ തുറന്നുവെക്കുകയും ചെയ്യുന്നതിനാൽ അവ മലിനമാകാൻ സാധ്യതയുണ്ട്. ശുചിത്വമുള്ള നിങ്ങളുടെ മുന്നിൽ വെച്ച് ഭക്ഷണം തയ്യാറാക്കുകയും ചെയ്യുന്ന കടകൾ മാത്രം തിരഞ്ഞെടുക്കുക. ഉയർന്ന താപനില മിക്ക ഹാനികരമായ ബാക്ടീരിയകളെയും നശിപ്പിക്കുന്നതിനാൽ ചൂടുള്ള ഭക്ഷണമാണ് കൂടുതൽ സുരക്ഷിതം.


മുറിച്ചുവെച്ച പഴങ്ങൾ, സാലഡുകൾ, അല്ലെങ്കിൽ ചട്നികൾ പോലുള്ള മണിക്കൂറുകളോളം പുറത്തുവെച്ചതും തണുത്തതും നേരത്തെ പാകം ചെയ്തതുമായ വിഭവങ്ങൾ ഒഴിവാക്കുക. അവയിൽ അണുബാധ പെട്ടെന്ന് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. വീട്ടിൽ നിന്ന് ഡ്രൈ സ്‌നാക്ക്‌സ് കൊണ്ടുപോകുന്നത് നല്ലതാണ്. ഇത് വഴിയോര ഭക്ഷണത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. കൂടാതെ, പഴങ്ങൾ കഴിക്കുന്നതിന് മുൻ അവ നന്നായി കഴുകുകയോ തൊലി കളയുകയോ ചെയ്യണം.


ഭക്ഷണത്തിന് മുൻപും ശേഷവും നന്നായി സോപ്പും വെള്ളവും ഉപയോ​ഗിച്ച് കൈകൾ നന്നായി കഴുകുക. യാത്രയിൽ ഹാൻഡ് സാനിറ്റൈസർ കരുതാനും മറക്കരുത്. യാത്രയ്ക്കിടയിൽ പാക്ക് ചെയ്ത ഭക്ഷണങ്ങളോ ലഘുഭക്ഷണങ്ങളോ വാങ്ങുമ്പോൾ, എല്ലായ്‌പ്പോഴും എക്‌സ്പയറി ഡേറ്റ് പരിശോധിക്കുകയും സീൽ കേടായിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. തൈര്, മോര്, അല്ലെങ്കിൽ പ്രോബയോട്ടിക് സപ്ലിമെന്റുകൾ പോലുള്ള പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ നിലനിർത്താൻ സഹായിക്കും. അണുബാധകളെ പ്രതിരോധിക്കാൻ ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ കൂടുതൽ സഹായിക്കുന്നു.

Previous Post Next Post