പുല്ല് വാങ്ങേണ്ടെന്ന് പാപ്പാന്‍ പറഞ്ഞു, ചെര്‍പ്പുളശേരി മണികണ്ഠന്‍ 'പിണങ്ങി'; പാലക്കാട് നഗരത്തില്‍ ആനയിടഞ്ഞു.കഴിക്കാനായി പുല്ലു കൊടുത്തപ്പോള്‍ തടഞ്ഞത് പരിഭവമായി; മുകളില്‍ ഇരുന്നവര്‍ താഴെ വീഴില്ലെന്ന കരുതലോടെ ഓടി അടുത്ത പുരയിടത്തില്‍ എത്തിയ കരിവീരന്‍; ഒന്നാം പാപ്പന്‍ വരും വരെ പിണക്കം കാട്ടി നിന്നു; പാപ്പാന്‍ വെള്ളം കൊടുത്തപ്പോള്‍ കൂടുതല്‍ ശാന്തന്‍.


പാലക്കാട് നഗരത്തില്‍ കുന്നത്തൂര്‍മേടില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു.

ചെര്‍പ്പുളശ്ശേരി മണികണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞത്. റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കയറി നിലയുറപ്പിച്ച ആനയെ തളച്ചു. ആനയുടെ മുകളിലുണ്ടായിരുന്ന മൂന്ന് പേരെ സുരക്ഷിതമായി താഴേയിറക്കി. ആനയുടെ പാപ്പാന് നേരിയ പരിക്കേറ്റു.

ഇടഞ്ഞ ആന പ്രദേശത്തെ വീടിന്റെ മുറ്റത്തേക്ക് എത്തി. കുന്നത്തൂര്‍ മേടിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന ഒമ്ബത് ആനകളിലൊന്നാണ് മണികണ്ഠന്‍. ഘോഷയാത്രക്കിടെ പെട്ടെന്ന് ആനയിടയുകയായിരുന്നു. മുകളില്‍ ഇരുന്നവര്‍ താഴെ വീഴില്ലെന്ന കരുതലോടെ ഓടി അടുത്ത പുരയിടത്തില്‍ എത്തിയ ആന അവിടെ നിലയുറപ്പിക്കുകയായിരുന്നു. പാപ്പാനെ തട്ടിയതിനാല്‍ നേരിയ പരിക്കേറ്റു. ആനയുടെ പുറത്ത് മൂന്ന് പേര്‍ ഏറെ നേരം കുടുങ്ങി. എലിഫന്റ് സ്‌ക്വാഡും പൊലീസും എത്തി.

ഒന്നാം പാപ്പാന്‍ ആനയെ നടത്തിക്കൊണ്ടുവരുന്ന സമയത്ത് ഒരാള്‍ ആനക്ക് പുല്ലുകൊണ്ടുവന്ന് നല്‍കി. പുല്ല് ആന വാങ്ങുന്ന സമയത്ത് പാപ്പാന്‍ തടഞ്ഞതാണ് പ്രകോപന കാരണമെന്ന് എലിഫന്റ് സ്‌ക്വാഡ് ഡോക്ടര്‍ പൊന്നുമണി പറഞ്ഞു.

ഇടഞ്ഞ ചെര്‍പ്പുളശ്ശേരി മണികണ്ഠനെ പാപ്പാന്മാര്‍ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ആദ്യം ഫലം കണ്ടില്ല. വീട്ടുവളപ്പില്‍ ശാന്തനായി നിലയുറപ്പിച്ചെങ്കിലും ആളുകളെ താഴെയിറങ്ങാന്‍ അനുവദിച്ചില്ല. രണ്ടുമണിക്കൂറിന് ശേഷമാണ് ഇവരെ താഴെയിറക്കിയത്. ആര്‍ക്കും പരിക്കുകളില്ല.

Previous Post Next Post