പട്‌ന: വോട്ട് ചോരിക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന എല്ലാ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കേരളത്തിന്റെ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. 'വോട്ട് ചോരി'യുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും ജില്ലാ കോൺഗ്രസ് കമ്മിറ്റികളും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം തുറന്നു കാട്ടുന്നതിനായി കേരളത്തിൽ മാത്രമായി 93 ലക്ഷത്തിലധികം ലഘുലേഖകൾ അടിച്ചു വീടുകൾ കയറിയുള്ള പ്രവർത്തനങ്ങളിലാണു കോൺഗ്രസ് പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം മുപ്പതോടുകൂടി ഈ പ്രവർത്തനം പൂർത്തിയാക്കാൻ കഴിയും. ഒക്ടോബർ മാസം രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് കേരളത്തിൽ ജനാധിപത്യ സംരക്ഷണ സദസ്സ് നടത്തും. അതിനായി രാഹുൽ ഗാന്ധിയുടെ സമയം ചോദിച്ചിട്ടുണ്ട്. അത് കിട്ടുന്ന മുറയ്ക്ക് ഒരു ബൃഹത്തായ പരിപാടി കേരളത്തിൽ നടത്താനാണു തീരുമാനം.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ് എന്നിവയ്ക്കു വേണ്ടിയുള്ള കൃത്യമായ ഒരുക്കങ്ങൾ കെപിസിസി നടത്തും. അതിനുവേണ്ടി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ എല്ലാ പിന്തുണയും ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം വോട്ട് ചോരിക്കെതിരെ എഐസിസി ആവശ്യപ്പെട്ടതു പ്രകാരമുള്ള സിഗ്‌നേച്ചർ ക്യാമ്പയിനും കേരളത്തിൽ കൃത്യമായി നടക്കുന്നുണ്ട്. മണ്ഡലം, ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തിൽ വീടുകളിൽ നിന്നും ഒപ്പ് ശേഖരണ പ്രവർത്തികളിലാണ് പ്രവർത്തകർ ഇപ്പോൾ. അടുത്ത മാസം പതിനഞ്ചാം തീയതി വരെയുള്ള സമയം കൊണ്ട് ഇതു പൂർത്തിയാക്കും'' സണ്ണി ജോസഫ് പറഞ്ഞു.
