തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിക്കുന്ന സമയത്താണ്, ആകാംക്ഷ അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിലേക്ക് എത്തുന്നത്. രാഹുൽ സഭയിലേക്ക് എത്തിയപ്പോൾ ആരും പ്രതികരിച്ചില്ല. ഭരണപക്ഷത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലാണ് രാഹുൽ നിയമസഭയിൽ ഇരുന്നത്.
സിപിഎം ബന്ധം അവസാനിപ്പിച്ചതിനു ശേഷം പി വി അൻവറിന് നൽകിയ സീറ്റാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന് സ്പീക്കർ അനുവദിച്ചത്. സഭയിൽ യുഡിഎഫ് ബ്ലോക്ക് തീർന്നതിനുശേഷം വരുന്ന അടുത്ത സീറ്റാണിത്. പുറകിലെ നിരയായതിനാൽ രാഹുൽ ഒറ്റയ്ക്കാണ് ഇരിക്കേണ്ടത്. സഭയിലെത്തിയെങ്കിലും രാഹുലിന് സംസാരിക്കാൻ അനുവാദം ലഭിച്ചില്ല. പ്രതിപക്ഷ നിരയിൽ നിന്നും പുറത്താക്കി കോൺഗ്രസ് പാർലമെന്ററി പാർട്ടി സ്പീക്കർക്ക് കത്തു നൽകിയിരുന്നു.
നിയമസഭയിലെത്തിയ രാഹുലുമായി നജീബ് കാന്തപുരവും എ കെ എം അഷ്റഫും സംസാരിച്ചു. യു എ ലത്തീഫ്, ടി വി ഇബ്രാഹിം എന്നിവരും രാഹുലിനോട് സംസാരിച്ചു. അടൂരിലെ വീട്ടിൽ നിന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും അടൂരിലെ വിശ്വസ്തനുമായ റെനോ പി രാജൻ, തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് നേമം ഷജീർ , എംഎൽഎയുടെ സഹായി ഫസൽ എന്നിവർക്കൊപ്പമാണ് രാഹുൽ നിയമസഭയിലെത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ നിയമസഭയിൽ സ്ഥിരമായി ഹാജരാകാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ തീരുമാനം. ശനിയാഴ്ച രാഹുൽ പാലക്കാട് മണ്ഡലത്തിലുമെത്തും.
കോൺഗ്രസ് പാർട്ടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. പാർട്ടിയിൽ നിന്നും രാഹുലിനെ പാർലമെന്ററി പാർട്ടി മാറ്റിനിർത്തിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്ക് മറുപടി പറയാനില്ല. കോൺഗ്രസിന്റെ എംഎൽഎ ആയിരുന്നുവെങ്കിൽ അഭിപ്രായം പറയാമായിരുന്നു. ഇപ്പോൾ രാഹുൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ഇല്ല. കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്ക് എത്തിയതെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം എന്ന നിലയിൽ കോൺഗ്രസിന്റെ നിലപാടാണ് താൻ പറഞ്ഞത്. യൂത്ത് കോൺഗ്രസിന്റെ കാര്യം അവരുടെ ഭാരവാഹികളാണ് പറയേണ്ടതെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിൻറെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചർച്ച ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.
