ഗുരുവായൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദ്ദനത്തിന് ഇരയായ കാണിപ്പയ്യൂർ സ്വദേശിയും ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറുമായ സുജിത്ത് വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രനടയിൽ രാവിലെ 7 നും 7 45 നും ഇടയിലുള്ള മുഹൂർത്തത്തിൽ ആയിരുന്നു താലികെട്ട്. വിവാഹത്തിനുശേഷം ക്ഷേത്രത്തിൽ കാണിക്കയിടാനായി സുഹൃത്തും ഇൻകാസ് സംസ്ഥാന സെക്രട്ടറിയുമായ സി സാദിഖ് അലി യുഎഇ ദിർഹം സമ്മാനിച്ചു.
അഞ്ച് വർഷംനീണ്ട പ്രണയത്തിന് ഒടുവിലാണ് സുജിത്ത് വിവാഹിതനാകുന്നത് പുതുശ്ശേരി സ്വദേശിയായ കൃഷ്ണയാണ് വധു. ക്ഷേത്രത്തിൽ വിവാഹത്തിന് ചടങ്ങിൽ മുൻ എംപി ടിഎൻ പ്രതാപൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ എത്തിയിരുന്നു,
നേരത്തെ വീട്ടിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കൈയിലുള്ള സ്വർണമോതിരം സുജിത്തിന് വിവാഹ സമ്മാനമായി നൽകിയിരുന്നു. ജോസഫ് ടാജറ്റ് സുജിത്തിന് തന്റെ കഴുത്തിലെ സ്വർണമാല സുജിത്ത് സമ്മാനിക്കുകയും ചെയ്തിരുന്നു.
2023 ഏപ്രിൽ അഞ്ചിന് രാത്രിയാണ് സുജിത്ത് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനത്തിന് ഇരയായത്. മർദനത്തിൽ സുജിത്തിന് കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ചൊവ്വല്ലൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ ആ വഴി വന്ന പൊലീസ് മർദിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തതിനെ തുടർന്ന് സുജിത്തിനെ സ്റ്റേഷനിലെത്തിച്ചു മർദിക്കുകയും മദ്യപിച്ചു പ്രശ്‌നമുണ്ടാക്കി, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റം ചുമത്തി കേസെടുക്കുകയുമായിരുന്നു.
