വി എസ് കാലാതിവര്‍ത്തി, തലമുറകള്‍ക്ക് പ്രചോദനം : മുഖ്യമന്ത്രി; നേരിന്റെയും സഹനത്തിന്റെയും പ്രതീകമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് നിയമസഭ ചരമോപചാരം അർപ്പിച്ചു. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റ ചരിത്രത്തിലെ ഒരു അധ്യായത്തിനാണ് വി എസിന്റെ മരണത്തോടെ തിരശ്ശീല വീണതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഉയർത്തിപ്പിച്ച പ്രത്യയശാസ്ത്രവും അതിന്റെ പൂർത്തികരണത്തിനായി നടത്തിയ ഇടപെടലുകളും കാലാതിവർത്തിയായി നിലകൊള്ളും. അദ്ദേഹം തലമുറകൾക്ക് പ്രചോദനമാണ്. മുഖ്യമന്ത്രി ചരമോപചാര പ്രസംഗത്തിൽ പറഞ്ഞു.


പൊതുപ്രവർത്തകൻ എന്നതിലുപരി, കേരള ചരിത്രത്തിലെ പല സുപ്രധാന ഏടുകളെയും വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണി കൂടിയാണ് വി എസ് അച്യുതാനന്ദൻ. സാമ്രാജ്യത്വ വിരുദ്ധ ദേശീയപ്രസ്ഥാനത്തിന്റെ കാലഘട്ടത്തെ, നവോത്ഥാന മുന്നേറ്റങ്ങളുടെ കാലഘട്ടത്തെ, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാരംഭ ഘട്ടത്തെയെല്ലാം വർത്തമനകാലവുമായി ബന്ധിപ്പിച്ചിരുന്ന എ എസ് എന്ന കണ്ണി അറ്റുപോയിരിക്കുന്നു. അത് കേരളത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണ്.


ഒരു നൂറ്റാണ്ടോളം കാലം പൊതുപ്രവർത്തന രംഗത്ത് സജീവമായി നിൽക്കുക, ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പ്രശ്‌ന പരിഹാരങ്ങൾക്കായി നിലകൊള്ളുക. ഇത്തരത്തിൽ ചെയ്ത അപൂർവം നേതാക്കളേ ലോക ചരിത്രത്തിൽ തന്നെ ഉണ്ടാകുകയുള്ളൂ. ആ നിരയിലാണ് വിഎസിന്റെ സ്ഥാനം. പല നിലകളിൽ വ്യാപിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. പുന്നപ്ര വയലാർ പ്രക്ഷോഭവുമായി അഭേദ്യമായി ചേർന്നു കിടക്കുന്നതാണത്. ഒരു സാധാരണ തൊഴിലാളിയിൽ നിന്നും തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറിയതിന് പിന്നിൽ സഹനത്തിന്റെയും യാതനയുടേയും അതിജീവനത്തിന്റേയും നിരവധിയായ ഏടുകളുണ്ട്. തുടക്കത്തിൽ ജനകീയ പോരാട്ടങ്ങളുടെ സമരനായകൻ ആയിരുന്നെങ്കിൽ അവസാനം ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ഭരണത്തെ ജനകീയമായി പരിഷ്‌കരിക്കുന്നതിനുള്ള നായകത്വവും അദ്ദേഹം വഹിച്ചു.


മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ജനോന്മുഖവും അടിസ്ഥാന വർഗങ്ങൾക്ക് വഴിതെളിക്കുന്നതുമായ എത്രയോ നടപടികൾക്ക് വി എസ് നേതൃത്വം നൽകി. കേവല രാഷ്ട്രീയത്തിന് അപ്പുറം, പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീ സമത്വം തുടങ്ങി വിവിധങ്ങളായ മേഖലകളിൽ അദ്ദേഹം വ്യാപരിച്ചു. അതിന് സിപിഎം അകമഴിഞ്ഞ പിന്തുണയാണ് വിഎസിന് നൽകിയത്. ആ പ്രക്രിയയിലാണ് പാർട്ടി നേതാവായിരിക്കെ തന്നെ പൊതുസമൂഹത്തിനാകെ തന്നെ സ്വീകാര്യമാകുന്ന തലത്തിലേക്ക് വിഎസിന്റെ രാഷ്ട്രീയ വ്യക്തിത്വം ഉയർന്നത്. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പരിസ്ഥിതി അടക്കമുള്ള കാര്യങ്ങളെ കൂടി കൊണ്ടു വരുന്നതിൽ വിഎസിന്റെ പങ്ക് അവിസ്മരണീയമാണ്. മുഖ്യമന്ത്രി അനുസ്മരിച്ചു.


കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, മുൻ പ്രതിപക്ഷ നേതാവ്, സ്വാതന്ത്ര്യ സമര സേനാനി എന്നിവയ്ക്ക് പുറമെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അതുല്യനായ നേതാവു കൂടിയാണ് വി എസ് അച്യുതാനന്ദനെന്ന് സ്പീക്കർ ഷംസീർ പറഞ്ഞു. ഏഴു തവണ വി എസ് നിയമസഭാംഗമായിരുന്നു. സിപിഎം പിബി അംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ ഇടതുപക്ഷത്തിന്റെ ജനകീയമുഖമായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വിഎസ് എന്ന രണ്ടക്ഷരം നേരിന്റെയും സഹനത്തിന്റെയും പ്രതീകമാണ്. സ്പീക്കർ ഷംസീർ അനുസ്മരിച്ചു.


1939 ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു കൊണ്ട് വിഎസ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. 1940 ൽ 17-ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ വിഎസിന് അംഗത്വം നൽകിയത് പി കൃഷ്ണപിള്ളയാണ്. നന്നേ ചെറുപ്പത്തിൽ തന്നെ അനീതിക്കും അസമത്വത്തിനുമെതിരെ കലഹിച്ച വി എസ്, സ്വാതന്ത്ര്യ സമരം, പുന്നപ്ര വയലാർ സമരം, മറ്റ്് വിവിധ പ്രക്ഷോഭങ്ങൾ എന്നിവയിൽ പങ്കെടുത്തതിനും അടിയന്തരാവസ്ഥയെ എതിർത്തതിനും ആകെ അഞ്ചു വർഷവും ആറു മാസവും ജയിൽശിക്ഷ അനുഭവിച്ചിരുന്നു. സിപിഎം പ്രവർത്തനത്തിന്റെ ഭാഗമായി നാലര വർഷത്തോളം ഒളിവിൽ താമസിച്ച് പ്രവർത്തിച്ചിരുന്നു.


പുന്നപ്ര വയലാർ സമരകാലത്ത് വൊളണ്ടിയറായും നേതൃതലത്തിലും പ്രവർത്തിക്കുമ്പോൾ പൊലീസ് പിടിയിലാകുകയും കൊടിയ ലോക്കപ്പ് മർദ്ദനത്തിന് ഇരയാകുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തിരുന്നുവെന്നും ഷംസീർ അനുസ്മരിച്ചു. വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ നിയമസഭയിലെ സന്ദർശക ഗാലറിയിൽ സന്നിഹിതനായിരുന്നു. അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമൻ, മുൻമന്ത്രിയും യുഡിഎഫ് കൺവീനറുമായിരുന്ന പി പി തങ്കച്ചനും നിയമസഭ ചരമോപചാരം അർപ്പിച്ചു.

Previous Post Next Post