ന്യൂഡൽഹി: ബിഹാർ മാതൃകയിൽ രാജ്യവ്യാപകമായി വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കാൻ സാധ്യതകൾ തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇക്കാര്യത്തിൽ നിർണായ തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് കമ്മീഷണൻ സെപ്തംബർ 10 ന് ഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിൽ വിഷയം ചർച്ചയാകും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരും യോഗത്തിൽ പങ്കെടുക്കും.
വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകൾ, ഭരണപരമായ സാഹചര്യങ്ങൾ, ഡോക്യുമെന്റേഷൻ നടപടി ക്രമങ്ങൾ എന്നിവ യോഗം വിലയിരുത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ നിലവിലുള്ള വോട്ടർമാരുടെ എണ്ണം, അവസാനമായി നടത്തിയ വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ ഡാറ്റയും സമയക്രമവും, വോട്ടർ പട്ടികയുടെ ഡിജിറ്റലൈസേഷന്റെ പുരോഗതി, ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒ) ലഭ്യതയും പരിശീലനവും, പോളിങ് സ്റ്റേഷനുകളുടെ നിലവിലെ ഘടനയും പരിഷ്‌കരണ പദ്ധതി തുടങ്ങിയ വിവരങ്ങൾ യോഗം പരിശോധിക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാനും സിഇഒ മാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ രാജ്യ വ്യാപകമായി ഒരേസമയം എസ്ഐആർ നടത്തണോ എന്നതുൾപ്പെടെ യോഗം പരിഗണിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി (സിഇസി) ഗ്യാനേഷ് കുമാർ ചുമതലയേറ്റതിനുശേഷം സംസ്ഥാനതല തിരഞ്ഞെടുപ്പ് അധികാരികളുമായി നടത്തുന്ന മൂന്നാമത്തെ യോഗമാണ് പത്താം തിയ്യതി നിശ്ചയിച്ചിരിക്കുന്നത്.
