തിരുവനന്തപുരം: നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് പ്രതിപക്ഷ നിരയിൽ നിന്നും ഒരു കുറിപ്പ് ലഭിച്ചു. അതിനുള്ള മറുപടി എഴുതി നിയമസഭാ ജീവനക്കാരന്റെ കയ്യിൽ ഏൽപ്പിക്കുകയും ചെയ്തു. പിന്നാലെ രാഹുൽ നിയമസഭയിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാൽ ഏതു നേതാവാണ് അതെഴുതിയതെന്നും എന്താണ് കുറിപ്പിലെന്നും വ്യക്തമല്ല. പ്രതിപക്ഷ നിരയിൽ നിന്നെത്തിയ കുറിപ്പ് ചർച്ചയായിട്ടുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ ദീപാ ദാസ് മുൻഷി കൂടിക്കാഴ്ച അനുവദിച്ചില്ല. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് അടക്കമുള്ള കാര്യങ്ങൾ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ചർച്ചയാകുമെന്ന് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. യോഗത്തിൽ ഷാഫി പറമ്പിൽ എംപി പങ്കെടുക്കില്ലെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശക്തമായ എതിർപ്പ് തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്ക് എത്തിയത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിക്കുന്ന സമയത്താണ്, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്ക് എത്തുന്നത്. രാഹുൽ എത്തിയപ്പോൾ ആരും പ്രതികരിച്ചില്ല. പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലാണ് രാഹുൽ നിയമസഭയിൽ ഇരുന്നത്.
സിപിഎം ബന്ധം അവസാനിപ്പിച്ചതിനു ശേഷം പി വി അൻവറിന് നൽകിയ സീറ്റാണ് രാഹുൽ മാങ്കൂട്ടത്തിലിന് സ്പീക്കർ അനുവദിച്ചത്. സഭയിൽ യുഡിഎഫ് ബ്ലോക്ക് തീർന്നതിനുശേഷം വരുന്ന അടുത്ത സീറ്റാണിത്. സഭയിലെത്തിയെങ്കിലും രാഹുലിന് സംസാരിക്കാൻ അനുവാദം ലഭിച്ചില്ല. പ്രതിപക്ഷ നിരയിൽ നിന്നും പുറത്താക്കി കോൺഗ്രസ് പാർലമെന്ററി പാർട്ടി സ്പീക്കർക്ക് കത്തു നൽകിയിരുന്നു. ശനിയാഴ്ച രാഹുൽ പാലക്കാട് മണ്ഡലത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
