പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിനെതിരെ ശബരിമല കർമസമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും ചേർന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും. സെപ്റ്റംബർ 22ന് വിശ്വാസസംഗമം സംഘടിപ്പിക്കാനാണ് നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പങ്കെടുപ്പിക്കാനാണ് ആലോചന.
ആഗോള അയ്യപ്പസംഗം ഒരു വ്യവസായ സംഗമമാണെന്നും അയ്യപ്പനോടും ശബരിമലയോടും സർക്കാരിന് ആത്മാർത്ഥതയില്ലെന്നുമാണ് ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഈ അയ്യപ്പസംഗമം വെറും കാപട്യമാണെന്നും ഇവർ ആരോപിക്കുന്നു. വിശ്വാസ സംഗമം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പന്തളം കൊട്ടാരത്തിലെത്തി പരിപാടിയുടെ വിശാദാംശങ്ങൾ അറിയിക്കും. എൻഎസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളെയും വിശ്വാസ സംഗമത്തിലേക്ക് ക്ഷണിക്കും.
പന്തളം കൊട്ടാരവും ആഗോള അയ്യപ്പ സംഗമത്തിനെതരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സംഗമം കൊണ്ട് സാധാരണ അയ്യപ്പൻന്മാർക്ക് എന്ത് ഗുണമാണുള്ളതെന്ന് അവർ ചോദിച്ചു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ ഉടൻ പിൻവലിക്കണമെന്നും സ്ത്രീ പ്രവേശനത്തിൽ സുപ്രിം കോടതിയിൽ സർക്കാർ നിലപാട് തിരുത്തണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.
സെപ്റ്റംബർ 20നാണ് അയ്യപ്പസംഗമം നടത്തുന്നത്. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് ഉൾപ്പടെയുള്ളവർ ആഗോള അയ്യപ്പസംഗമത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
