വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു

 

കൽപ്പറ്റ: മുൻ ട്രഷറർ എൻ എം വിജയന്റെ മരണം അടക്കം ജില്ലയിലെ കോൺഗ്രസിനെ പിടിച്ചുലച്ച വിവാദങ്ങൾക്കിടെ വയനാട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻ ഡി അപ്പച്ചൻ രാജിവെച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എൻഡി അപ്പച്ചന്റെ രാജിക്കത്ത് സ്വീകരിച്ചിട്ടുണ്ട്. കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക്കിന് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയതായാണ് സൂചന.


ജില്ലാ മുൻ ട്രഷറർ എൻ എം വിജയന്റെ മരണം അടക്കം ജില്ലയിലെ കോൺഗ്രസിനെ പിടിച്ചുലച്ച് നിരവധി വിവാദങ്ങളാണ് അടുത്തിടെയുണ്ടായത്. മുള്ളൻകൊല്ലിയിലെ അടക്കം ഗ്രൂപ്പ് തർക്കം, പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യ തുടങ്ങിയവയും വയനാട് ഡിസിസിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.


കഴിഞ്ഞദിവസം വയനാട്ടിലെത്തിയ പ്രിയങ്കാഗാന്ധി, ജില്ലാ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അടിയന്തരമായി കോൺഗ്രസ് ജില്ലാ നേതൃയോഗം കെപിസിസി പ്രസിഡന്റ് വിളിച്ചു ചേർത്തിരുന്നു. കെസി വേണുഗോപാൽ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചിരുന്നു. നേതൃത്വം ജില്ലാ നേതൃത്വത്തെ ശാസിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.


കോൺഗ്രസ് ഹൈക്കമാൻഡിന്റെ അതൃപ്തിയും ഉടൻ നടപടിക്ക് പിന്നിലുണ്ടെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യം വെച്ചാണ് എൻഡി അപ്പച്ചന്റെ രാജി പാർട്ടി നേതൃത്വം സ്വീകരിച്ചിട്ടുള്ളത്.

Previous Post Next Post