'അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, അതു കാണുമ്പോൾ വിഷമം'; മുഷ്ടി ചുരുട്ടി ശരണം വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ മുഷ്ടി ചുരുട്ടി ശരണം വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മുഷ്ടി ചുരുട്ടി ശരണം വിളിക്കാൻ പാടില്ലായിരുന്നു. പ്രസംഗത്തിനിടെ താൻ അറിയാതെ സംഭവിച്ചുപോയതാണ്. അങ്ങനെ പാടില്ലായിരുന്നു. ആ ദൃശ്യം കാണുമ്പോൾ വിഷമമുണ്ട്. സത്യത്തിൽ താൻ വലിയ വിശ്വാസിയാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു.


തന്റെ പ്രസംഗം ചൂണ്ടിക്കാട്ടി വിമർശിക്കുന്നതിൽ ഒരു കഴമ്പുമില്ല. ശബരിമല പ്രക്ഷോഭകാലത്ത് അയ്യപ്പന്റെ പേരു പറഞ്ഞ് മുദ്രാവാക്യം വിളിച്ചും വിളിക്കാതെയും എന്തെല്ലാം കോപ്രായങ്ങളാണ് നടന്നത്. അങ്ങനെയുള്ളവരാണ് ഇപ്പോൾ തന്നെ കളിയാക്കുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു. എത്രയോ സ്വാമിമാർ സ്വാമിയേ ശരണമയ്യപ്പാ എന്ന് മുഷ്ടി ചുരുട്ടി വിളിക്കുന്നതൊക്കെ യുട്യൂബിൽ സെർച്ച് ചെയ്താൽ കാണാൻ കഴിയുമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.


ആഗോള അയ്യപ്പ സംഗമം വൻ വിജയമായിരുന്നു എന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. രാഷ്ട്രീയ വിവാദങ്ങൾക്ക് ഞങ്ങൾ മറുപടി പറയേണ്ടതില്ല. എൻഎസ്എസ്, എൻഡിപി, കെപിഎംഎസ് തുടങ്ങി 29 ഓളം സമുദായ സംഘടനകളുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പരിപാടി വിജയിപ്പിക്കുവാൻ സാധിച്ചത്. പന്തളത്ത് നടന്ന ബദൽ സംഗമം ഒരു പ്രതിഷേധ പരിപാടിയായി മാറി എന്നതിനപ്പുറം, ശബരിമല വികസനത്തിന് എന്തു ഗുണം ചെയ്തു എന്ന് അവർ തന്നെ വിലയിരുത്തട്ടെ എന്നും പ്രശാന്ത് പറഞ്ഞു.


ശബരിമല കേന്ദ്രം ഏറ്റെടുക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെയും ദേവസ്വം ബോർഡ് പ്രസിഡന്റ് വിമർശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട കവനന്റിനെക്കുറിച്ച് ആധികാരികമായി അറിവില്ലാത്തതുകൊണ്ടാണ് ആ പ്രസ്താവന. അദ്ദേഹം പറഞ്ഞത് അപകടകരമായ പ്രസ്താവനയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 1242 ക്ഷേത്രങ്ങളുണ്ട്. അതിൽ 50 ൽ താഴെ ക്ഷേത്രങ്ങൾ മാത്രമാണ് സ്വയം പര്യാപ്തമായിട്ടുള്ളത്. 40,000 കുടുംബങ്ങൾ പ്രത്യേക്ഷമായും പരോക്ഷമായും കഴിഞ്ഞുപോകുന്ന ആത്മീയസ്ഥാപനം തകർക്കുക എന്ന ലക്ഷ്യമാണോ സുരേഷ് ഗോപിയുടെ പ്രസ്താവനയുടേതെന്നും പ്രശാന്ത് ചോദിച്ചു.

Previous Post Next Post