പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷം; റീൽസ് പ്രചരിപ്പിച്ചു, യുവാക്കൾക്കെതിരെ കേസ്

 

കണ്ണൂർ: പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷം നടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് യുവാക്കൾ കണ്ണൂർ സിറ്റി ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് ക്യാംപ് പരിസരത്ത് അതിക്രമിച്ച് കയറി യുവതിയുടെ പിറന്നാളാഘോഷം നടത്തിയത്.


പിറന്നാളഘോഷം സാമൂഹ്യ മാധ്യമം വഴി റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന വ്യാജേന ഫോണിൽ യുവതിയെ വിളിച്ചു വരുത്തിയായിരുന്നു സുഹൃത്തുക്കൾ അതിരുവിട്ട പിറന്നാളാഘോഷം സംഘടിപ്പിച്ചത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാൾക്ക് മരണം സംഭവിച്ചെന്നും അത് സെറ്റിൽമെന്റ് ചെയ്യാനായി സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടുമായിരുന്നു ഫോൺ വിളി.


സുഹൃത്തുക്കൾ ടൗൺ പൊലീസ് സ്റ്റേഷൻ മുൻവശം വഴി വാഹനത്തിൽ എത്തുന്നതും പിറന്നാളാഘോഷിക്കുന്നതും വിഡിയോയിലുണ്ട്. തുടർന്ന് പൊലീസ് ആസ്ഥാനത്തേക്ക് കയറി അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചാണ് അകത്തേക്ക് കയറിയത്.


പൊലീസ് കാന്റീന് മുൻ വശത്തായിരുന്നു ആഘോഷങ്ങളുടെ തുടക്കം. നിർത്തിയിട്ട പൊലീസ് വാഹനത്തിന്റെ മുന്നിൽ നിന്ന് ഫോട്ടോയെടുത്തു, തുടർന്ന് സംഘത്തിലെ രണ്ടു പേർ പൊലീസ് വാഹനത്തിന്റെ മറവിൽ ഒളിച്ചിരുന്ന ശേഷം അ അതുവഴി മറ്റ് സുഹൃത്തു ക്കൾക്കൊപ്പം നടന്നു വരികയായിരുന്ന യുവതിക്ക് പിറന്നാൾ ദിന സർപ്രൈസ് നൽകിയത്. തുടർന്ന് അവിടെ നിന്നു തന്നെ കേക്ക് മുറിച്ചും ആഘോഷം നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്.

Previous Post Next Post