പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വച്ച് ഇന്ന് സംസ്ഥാനത്തെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെ കാണും.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി രാഹുല്‍ പ്രത്യേക കൂടിക്കാഴ്ച നടത്തും. നിലവിലെ സംസ്ഥാന രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ഒരുക്കവും കൂടിക്കാഴ്ചയില്‍ ചർച്ചയാകും. വയനാട് ഡിസിസിയില്‍ വച്ച് ആണ് നേതാക്കളെ കാണുക. അതിനിടെ കെസി വേണുഗോപാലും കെപിസിസി പ്രസിഡന്‍റും വയനാട്ടിലെ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
വയനാട് കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ രൂഷമാകുന്നതിനിടെയാണ് സംഘടനാ ജനറല്‍ സെക്രട്ടറിയും കെപിസിസി അധ്യക്ഷനും ജില്ലയിലെ നേതാക്കളെ കാണുന്നത്. പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലാണ് വയനാട് കോണ്‍ഗ്രസ്. ഈ വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് നേരത്തെ വിവരം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടുന്നതും ജില്ലയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതും.
സോണിയ ഗാന്ധിയും രാഹുലും വയനാട്ടില്‍
രാഹുല്‍ ഗാന്ധിക്ക് പുറമെ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. പ്രിയങ്ക ഗാന്ധി മണ്ഡലത്തില്‍ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും വയനാട്ടിലെത്തുന്നത്. സ്വകാര്യ സന്ദർശനത്തിനാണ് എത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു.