38,500 ചതുരശ്രയടി വിസ്തീർണമുള്ള ജർമൻ പന്തൽ, 3500 പേർക്ക് പ്രവേശനം; ആഗോള അയ്യപ്പസംഗമം നാളെ

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ശനിയാഴ്ച. പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.


രാവിലെ 9.30ന് ചേരുന്ന സമ്മേളനത്തിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. തമിഴ്നാട്ടിൽനിന്നുള്ള മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവർക്കൊപ്പം സംസ്ഥാന മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കെ ബി ഗണേഷ്‌കുമാർ, എ കെ ശശീന്ദ്രൻ, വീണാ ജോർജ്, സജി ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും.


ശനിയാഴ്ച രാവിലെ ആറിന് പമ്പയിൽ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3000 പേർക്കാണ് പ്രവേശനം നിശ്ചയിച്ചിരുന്നത്. എന്നാൽ അയ്യായിരത്തിലധികം പേർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തു. ഈ സാഹചര്യത്തിൽ 500 പേർക്കുകൂടി പ്രവേശനമൊരുക്കും.


ഉദ്ഘാടന സമ്മേളനശേഷമാണ് സമീപനരേഖ അവതരണം. തുർന്ന് മൂന്നു വേദികളിലായി സമാന്തര സെഷൻ നടക്കും. ശബരിമലയുടെ വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാകും ഓരോ സെഷനും. ആദ്യ സെഷൻ ശബരിമല മാസ്റ്റർപ്ലാനിനെക്കുറിച്ചാണ്. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീർഥാടകരുടെ ക്ഷേമം തുടങ്ങിയ ദീർഘകാല പദ്ധതികളെക്കുറിച്ചും ഈ സെഷനിൽ ചർച്ച ചെയ്യും. ആധുനിക സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ക്ഷേത്രത്തിന്റെ പാരമ്പര്യം നിലനിർത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ഈ സെഷന്റെ ലക്ഷ്യം.


രണ്ടാമത്തെ സെഷൻ 'ആത്മീയ ടൂറിസം സർക്യൂട്ടുകൾ' എന്ന വിഷയത്തിലാണ്. കേരളത്തിലെ മറ്റ് സാംസ്‌കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാമെന്നാണ് ഇതിൽ ചർച്ച. ടൂറിസം- വ്യവസായ മേഖലയിലെ പ്രമുഖർ, തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനും പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കാനും ചുറ്റുമുള്ള പ്രദേശങ്ങൾക്ക് സാമൂഹിക- സാമ്പത്തിക നേട്ടങ്ങൾ നൽകുന്നതിനുമുള്ള വഴികൾ അവതരിപ്പിക്കും.


മൂന്നാമെത്ത സെഷൻ 'തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും' എന്ന വിഷയെത്തക്കുറിച്ചാണ്. എല്ലാവർഷവും ശബരിമല സന്ദർശിക്കുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് എങ്ങനെ മെച്ചപ്പട്ട സൗകര്യങ്ങൾ ഒരുക്കാമെന്നതാകും ഈ സെഷനിൽ വിശദീകരിക്കുക. ഉച്ചഭക്ഷണ ഇടവേളയിൽ വിജയ് യേശുദാസിന്റെ നേതൃത്വത്തിൽ സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. സംഗമത്തിന് പമ്പാതീരത്ത് ഒരുക്കിയ 38,500 ചതുരശ്രയടി വിസ്തീർണത്തിലുള്ള നിർമിച്ച ജർമൻ പന്തൽ മന്ത്രി സമർപ്പിച്ചു.


വാർത്താസമ്മേളനത്തിൽ കെ യു ജനീഷ്‌കുമാർ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. പി ഡി സന്തോഷ്‌കുമാർ, അഡ്വ. എ അജികുമാർ, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, കലക്ടർ എസ് പ്രേം കൃഷ്ണൻ, എഡിജിപി എസ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Previous Post Next Post