കൊച്ചി: ഗതാഗതക്കുരുക്കിനെ തുടർന്ന് ഇടപ്പള്ളി- മണ്ണുത്തി ദേശീയ പാതയിലെ ടോൾ പിരിവ് വിലക്ക് തുടരും. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നൽകിയ റിപ്പോർട്ട് പൂർണമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ടോൾ പിരിവ് വിലക്ക് വ്യാഴാഴ്ച വരെയാണ് നീട്ടിയത്. തൃശൂർ - എറണാകുളം ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കുന്നതിന് മുൻപ് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോട് കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിവ് സംബന്ധിച്ച് തീരുമാനം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
വാദത്തിനിടെ രൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ജില്ലാ കലക്ടറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നൽകിയ റിപ്പോർട്ട് പൂർണമല്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി ജനങ്ങളെ പരീക്ഷിക്കരുതെന്ന് ഓർമ്മിപ്പിച്ചു. വിഷയത്തെ നിസാരവത്കരിക്കരുത്. കോടതിക്ക് നേരിട്ട് മേൽനോട്ടം വഹിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ വിശ്വാസം അർപ്പിച്ചത്. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിനാണ് പ്രാധാന്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറോട് കോടതി നിർദേശിച്ചു. വിവരങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യത്തിന് സമയം ലഭിച്ചില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്.
പ്രശ്ന പരിഹാരത്തിനായി കലക്ടർ നൽകിയ നിർദ്ദേശങ്ങളെല്ലാം പാലിച്ചെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചത്. 18 നിർദ്ദേശങ്ങൾ നൽകിയിരുന്നതിൽ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയതായി പൊലീസും ഗതാഗതവകുപ്പും ഉറപ്പാക്കിയിട്ടുണ്ടെന്നും മറ്റുളളവയിൽ പുരോഗതിയുണ്ടെന്നുമാണ് ഓൺലൈനിൽ ഹാജരായ തൃശൂർ കലക്ടർ അറിയിച്ചത്. എന്നാൽ റിപ്പോർട്ട് പൂർണമല്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ വ്യാഴാഴ്ച വരെ സമയം അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. ദേശീയപാതയിൽ കുരുക്കു മുറുകിയതിനെ തുടർന്ന് ഓഗസ്റ്റ് ആറു മുതലാണ് പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവച്ചത്.
