തിരുവനന്തപുരം: കുന്നംകുളം സ്റ്റേഷനിലെ കസ്റ്റഡിയിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹവുമായി പ്രതിപക്ഷം. എംഎൽഎമാരായ ടിജെ സനീഷ് കുമാർ ജോസഫും എംകെഎം അഷ്‌റഫുമാണ് സത്യഗ്രഹം ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാരെ സംരക്ഷിക്കുന്ന നടപടിയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളം നടുങ്ങിയ കുന്നംകുളത്തെ പൊലീസ് മർദനം ഉൾപ്പടെ, വിവിധ ജില്ലകളിലെ പൊലീസ് കസ്റ്റഡികളിൽ നിരവധി പേർ പീഡിപ്പിക്കപ്പെട്ട വിഷയമാണ് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്നത്. എന്നാൽ ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് 1920 മുതലുള്ള കഥകളാണെന്നും സതീശൻ പറഞ്ഞു. നൂറുകണക്കിനാളുകളാണ് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾക്കായി അപേക്ഷ നൽകിയത്. സെപ്റ്റംബർ മൂന്നിന് ഈ സംഭവം പുറത്തവന്നിട്ട് ഇന്നാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്തെങ്കിലും പറഞ്ഞതെന്നും സതീശൻ പറഞ്ഞു.
നിയമസഭയിൽ അദ്ദേഹം ദീർഘമായ പ്രസംഗം നടത്തി. പിണാറായി സർക്കാരിന്റെ കാലത്തെ പൊലീസ് കൊടുംക്രൂരതകളെ പറ്റി പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും മറുപടി പറഞ്ഞില്ല. കുന്നംകുളത്തെ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്. പീച്ചിയിലെ കേസിൽ ആരോപണ വിധേയനായ ആൾക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാൻസ്ഫർ കൊടുത്തിരിക്കുകയാണ്. ഡിവൈഎഫ്‌ഐ നേതാവിനെ തല്ലിക്കൊന്ന പൊലീസുകാർക്കെതിരെ പോലും ഒരു നടപടിയും എടുക്കില്ലെന്നാണ് പിണറായി വിജയൻ പറയുന്നത്. കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടുന്നതവരെ ജനകീയ സമരവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും പിണറായി വിജയന്റെ സെൽഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
