തിളച്ച എണ്ണയിൽ കൈമുക്കി പാതിവ്രത്യം തെളിയിക്കൽ, ഭർതൃകുടുംബത്തിന്റെ ക്രൂരതയിൽ യുവതിക്ക് ഗുരുതര പരിക്ക്

 

അഹമ്മദാബാദ്: പതിവ്രതയെന്ന് തെളിയിക്കാൻ യുവതിയുടെ കൈ തിളച്ച എണ്ണയിൽ മുക്കി പരീഷണം നടത്തി ഭർത്താവിന്റെ കുടുംബം. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ ആണ് 30 വയസുകാരിക്ക് ഭർതൃവീട്ടിലെ ക്രൂരതയിൽ ഗുരുതരമായി പരിക്കേറ്റത്. ഭർത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് പേരും ചേർന്നാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിൽ വിജാപൂർ പൊലീസ് കേസെടുത്തു.


ഗുജറാത്തിലെ മെഹ്‌സാന മേഖലയിലെ വിജാപൂർ ഗെരിറ്റ ഗ്രാമത്തിൽ സെപ്റ്റംബർ 16-നാണ് സംഭവം നടന്നത്. പരിക്കേറ്റ യുവതിയുടെ ഭർത്താവിന്റെ സഹോദരി ജമുന താക്കൂർ, ജമുനയുടെ ഭർത്താവ് മനുഭായ് താക്കൂർ, മറ്റ് രണ്ട് പേർ എന്നിവരാണ് യുവതിയോട് ക്രൂരത കാട്ടിയത്. സംഭവത്തിന്റെ വിഡിയോ ഉൾപ്പെടെ പുറത്തുവന്നു. ഒരു സ്ത്രീയുൾപ്പെടെ നാല് പേർ ചേർന്ന് മറ്റൊരു സ്ത്രീയുടെ കൈ എണ്ണയിൽ മുക്കാൻ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. തുടർന്ന് യുവതി എണ്ണയിൽ കൈ തൊടുന്നതും പൊള്ളലേറ്റ് അതിവേഗം കൈവലിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.


പരിക്കേറ്റ യുവതി പതിവ്രതയല്ലെന്ന ഇവരുടെ ഭർത്താവിന്റെ സഹോദരിയുടെ സംശയമാണ് പ്രാകൃത നടപടിയിലേക്ക് നയിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദിനേശ് സിങ് ചൗഹാനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. സംശയം ദൂരീകരിക്കാൻ വേണ്ടിയാണ് ജമുനയും ഭർത്താവും മറ്റ് രണ്ട് പുരുഷന്മാരും ചേർന്ന് യുവതിയെ പരീക്ഷണത്തിന് വിധേയയാക്കിയത്. പതിവ്രതയാണെങ്കിൽ പൊള്ളലേൽക്കില്ലെന്ന് യുവതിയെ ഇവർ വിശ്വസിപ്പിച്ചിരുന്നു എന്നും അധികൃതർ പറയുന്നു.

Previous Post Next Post