കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ഉണ്ണികൃഷ്ണൻ പരാമർശ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് വക്താവ് ഡോ. ജിന്റോ ജോൺ. അവതാരകയുമായുള്ള തർക്കത്തിനിടയിൽ ഉണ്ണികൃഷ്ണൻ എന്ന പേരുമായി സംഭവിച്ചത് ഒരു നാക്കുപിഴയാണ്. പറയാൻ ഉദ്ദേശിച്ച രീതിയിലല്ല വിഷയം അവതരിപ്പിക്കാൻ സാധിച്ചത് എന്നും ജിന്റോ വിശദീകരിക്കുന്നു. കോൺഗ്രസ് നേതാവിന്റെ വാക്കുകൾ ഭഗവാൻ ശ്രീകൃഷ്ണനെ അപമാനിക്കുന്നതാണെന്ന് കാട്ടി ബിജെപി ഉൾപ്പെടെ വിമർശനം ഉയർത്തിയ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയുള്ള ജിന്റോയുടെ പ്രതികരണം.
ഞാൻ ഒരു ദൈവനിഷേധിയോ മതനിഷേധിയോ അല്ല. എന്നാൽ തെറ്റായിപ്പോയെന്ന് തനിക്ക് പോലും ബോധ്യപ്പെട്ട് ഒരു വാക്കിന്റെ മറപറ്റി ഒരിക്കലും മനസ്സിൽ വിചാരിക്കാത്ത വർഗ്ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കണം എന്നും ജിന്റോ പറയുന്നു. ഇത്തരം പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം വർഗ്ഗീയതയാണ്. അവർക്ക് ഒരവസരം കൊടുത്തുകൂടാ എന്ന് കരുതിയാണ് വിശദീകരണം എന്നും ജിന്റോ പോസ്റ്റിൽ പറയുന്നു.
സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിലായിരുന്നു ജിന്റോയുടെ വിവാദ പരാമർശം. 'കേരളത്തിൽ അസന്മാർഗിക പ്രവർത്തനങ്ങൾ നടത്തുന്നവരെ പൊതുവായി പറയുന്ന പേര് ഉണ്ണികൃഷ്ണൻ' എന്നായിരുന്നു വാക്കുകൾ. വിഷയം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
പോസ്റ്റ് പൂർണരൂപം-
ഇന്നലത്തെ ഒരു മാധ്യമ ചർച്ചയിൽ അവതാരകയുമായുള്ള തർക്കത്തിനിടയിൽ ഉണ്ണികൃഷ്ണൻ എന്ന പേരുമായി
ബന്ധപ്പെട്ടുള്ള കാര്യത്തിൽ എനിക്കൊരു നാക്കുപിഴ സംഭവിച്ചു പോയതിൽ ഖേദമുണ്ട്. ഞാൻ പറയാൻ ഉദ്ദേശിച്ച രീതിയിലല്ല അതെനിക്ക് അവതരിപ്പിക്കാൻ സാധിച്ചത്. പറഞ്ഞു വന്നപ്പോൾ പറയാൻ ഉദ്ദേശിച്ചതിൽ നിന്നും മാറ്റമുണ്ടായി. അതുകൊണ്ട് തന്നെ ആ വാക്ക് പ്രയോഗത്തിൽ ചിലർക്ക് വിഷമമുണ്ടായതായി അറിയുന്നു. എന്റെ മാത്രം വാക്കുപിഴയിൽ പാർട്ടിയല്ല ഞാനാണ് തിരുത്തേണ്ടത്. എന്റെ പ്രവർത്തിയുടെയോ വാക്കുകളുടെയോ പേരിൽ യാതൊരു വിധത്തിലും പാർട്ടി തെറ്റിദ്ധരിക്കപ്പെടാനും പാടില്ല. ആയതിനാൽ മനപ്പൂർവ്വമല്ലാത്ത ആ വാക്കുകളിൽ വിഷമം തോന്നിയവർ എന്നോട് ക്ഷമിക്കണം.
ഞാൻ ഒരു ദൈവനിഷേധിയോ മതനിഷേധിയോ അല്ലെന്ന് എന്റെ ജീവിത വ്യവഹാരങ്ങളിലൂടെ ബോധ്യപ്പെടാത്തവരെ തൃപ്തിപ്പെടുത്താൻ എനിക്കാവില്ല. എന്നാലും എനിക്കും തെറ്റായിപ്പോയെന്ന് ബോധ്യപ്പെട്ട ഒരു വാക്കിന്റെ മറപറ്റി ഞാൻ ഒരിക്കലും മനസ്സിൽ വിചാരിക്കാത്ത വർഗ്ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ ലക്ഷ്യം വർഗ്ഗീയതയാണ് ഞാനല്ലല്ലോ. അവർക്ക് ഒരവസരം കൊടുത്തുകൂടാ എന്ന് കരുതിയാണ് ഈ വാക്കുകൾ കുറിക്കുന്നത്. ഇതിലെ സത്യസന്ധത ബോധ്യപ്പെടുമെന്ന് കരുതുന്നു.
അപ്പോഴും ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കാര്യങ്ങളിൽ മാറ്റമില്ലാതെ ഉറച്ചു നിൽക്കുക കൂടിയാണ്. സിപിഎം നിർമ്മിച്ചു നൽകുന്ന വാദങ്ങൾ പ്രചരണത്തിന് ഉപയോഗിക്കുന്ന ബിജെപിയുടെ ആശങ്ക ഇക്കാര്യത്തിൽ മുഖവിലക്ക് എടുക്കുന്നുമില്ല. പറയാനുള്ളത് പറഞ്ഞു കൊണ്ടേയിരിക്കും. തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ടാൽ തിരുത്താനും മടിയില്ല. സിപിഎമ്മിനും ബിജെപിക്കും എന്നോട് സ്വഭാവികമായി ഉണ്ടാകുന്ന പ്രയാസം മനസ്സിലാക്കുന്നു. എന്നാലും മനുഷ്യർക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളെ ദൂരീകരിക്കാൻ മാത്രമാണ് ഈ കുറിപ്പ്.
