ദുബൈ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ മലയാളി താരം സഞ്ജു സാംസണിനു ബാറ്റിങിനു അവസരം കിട്ടാഞ്ഞത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. പിന്നാലെ താരത്തിന്റെ വാക്കുകൾ വൈറലായി മാറി. മത്സരത്തിനു മുന്നോടിയായി സഞ്ജയ് മഞ്ചരേക്കറുമായി നടത്തിയ സംഭാഷണമാണ് ശ്രദ്ധേയമായത്.
ഇന്ത്യൻ ടീമിലെ തന്റെ റോൾ സംബന്ധിച്ചു നടൻ മോഹൻലാലിനോടു ഉപമിച്ചാണ് സഞ്ജു പ്രതികരിച്ചത്. ഇന്ത്യൻ ടീമിലെ വ്യത്യസ്ത റോളുകളുമായി പൊരുത്തപ്പെടാൻ മോഹൻലാലാണ് പ്രചോദനമെന്നു സഞ്ജു പറയുന്നു. മോഹൻലാലിനു ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെടുത്തിയാണ് താരത്തിന്റെ വാക്കുകൾ. ചെവ്വാഴ്ചയാണ് മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയത്.
ഇരുവരുടേയും സംഭാഷണത്തിൽ നിന്ന്
മഞ്ചരേക്കർ: എളുപ്പമുള്ള ചോദ്യങ്ങൾ അവസാനിപ്പിക്കാം. ഒറ്റ ചോദ്യം. താങ്കൾ ടി20യിൽ മൂന്ന് സെഞ്ച്വറികൾ നേടി. മൂന്നും ഓപ്പണറായാണ്. അത്രയേയുള്ളു.
സഞ്ജു: ഇതൊരു ചോദ്യമാണോ?. ചോദ്യം ചോദിക്കു.
മഞ്ചരേക്കർ: നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായി തോന്നുന്ന ബാറ്റിങ് പൊസിഷൻ ഏതാണ്?
സഞ്ജു: ലാലേട്ടൻ, മോഹൻലാൽ കേരളത്തിൽ നിന്നുള്ള സിനിമാ നടനാണ് അദ്ദേഹം. അദ്ദേഹത്തിനു രാജ്യത്തെ ഏറ്റവും വലിയൊരു അവാർഡ് ലഭിച്ചു. കഴിഞ്ഞ 30- 40 വർഷമായി അദ്ദേഹം സിനിമയിൽ അഭിനയിക്കുന്നുണ്ട്.
മഞ്ചരേക്കർ: എങ്ങോട്ടാണിത് പോകുന്നത്.
സഞ്ജു: 10 വർഷമായി ഞാൻ എന്റെ രാജ്യത്തിനു വേണ്ടി കളിക്കുന്നുണ്ട്. അതിനാൽ ഒരു നായക വേഷം മാത്രമേ ചെയ്യാൻ പറ്റു എന്നെനിക്കു പറയാൻ സാധിക്കില്ല. കോച്ചും ക്യാപ്റ്റനും പറയുന്നതിനനുസരിച്ച് കളിക്കേണ്ടി വരും. വില്ലനും ജോക്കറുമൊക്കെ ആകണം. ഓപ്പണറായി റൺസ് നേടിയിട്ടുണ്ട്. ടോപ് ത്രീയിൽ മികച്ചവനാണു ഞാനെന്നു പറയാൻ സാധിക്കില്ല. അതും പരീക്ഷിക്കട്ടെ. എന്തുകൊണ്ട് എനിക്ക് നല്ല വില്ലനാകാൻ കഴിയില്ല.
മഞ്ചരേക്കർ: ശരി മോഹൻലാൽ, സോറി സഞ്ജു സാംസൺ.
സഞ്ജു: സഞ്ജു മോഹൻലാൽ സാംസൺ.
ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ എട്ടാം സ്ഥാനത്താണ് സഞ്ജുവിനെ ഇറക്കാൻ തീരുമാനിച്ചത്. എന്നാൽ താരത്തിനു ബാറ്റിങിനു ഇറങ്ങേണ്ടി വന്നില്ല. അപ്പോഴേക്കും ഓവർ അവസാനിച്ചിരുന്നു. സഞ്ജുവിന് മുൻപ് അക്ഷർ പട്ടേലിനെയാണ് ഇറക്കിയത്.
മത്സരത്തിൽ ഇന്ത്യ 41 റൺസ് വിജയവുമായി ഫൈനലിലേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്തത്. ബംഗ്ലാദേശിന്റെ പോരാട്ടം 127 റൺസിൽ ഓൾ ഔട്ടായി.
