തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് തടസമില്ല. ആഗോള അയ്യപ്പ സംഗമവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച സുപ്രീംകോടതി, അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി.
ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി നടപടി.
ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയുടെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി.