കപ്പിത്താൻ ഉണ്ടായിട്ടു കാര്യമില്ല, കപ്പൽ മുങ്ങിത്താണു; ആഞ്ഞടിച്ച് പ്രതിപക്ഷം; ആരോഗ്യരംഗത്തെ അടച്ചാക്ഷേപിക്കുന്നുവെന്ന് മന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്ത്  അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച് ആസൂത്രിതമായി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിന്റെ പൊതു ആരോഗ്യരംഗത്തെ പ്രതിപക്ഷ നേതാവ് ഉൾപ്പടെ അടച്ചാക്ഷേപിക്കുകയാണെന്ന് നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയ്ക്ക് മറുപടിയായി വീണാ ജോർജ് പറഞ്ഞു. സർക്കാർ ആശുപത്രികളെക്കാൾ ചെലവ് സ്വകാര്യ ആശുപത്രിയിലാണെന്നാണ് പ്രമേയ അവതാരകൻ പറയുന്നത്. ഇത് ആരെ സഹായിക്കാനാണെന്നും വീണാ ജോർജ് ചോദിച്ചു. പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം ഒരു വാക്കാണ് പറഞ്ഞത്. കേരളത്തിലെ ആരോഗ്യരംഗം ഇരുട്ടിൽ തപ്പുന്നു എന്നാണ് അത്. എന്നാൽ കേരളത്തിലെ ആരോഗ്യരംഗമല്ല, പ്രതിപക്ഷമാണ് ഇരുട്ടിൽ തപ്പുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.


അമീബിക് മസ്തിഷ്‌കജ്വരം സംസ്ഥാനത്തു ക്രമാതീതമായി വർധിക്കുന്നത് എന്തുകൊണ്ടാണെന്നു പറയാൻ സർക്കാരിനു ശാസ്ത്രീയമായി കഴിയുന്നില്ലെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് എൻ.ഷംസുദീൻ എംഎൽഎ പറഞ്ഞു. ആരോഗ്യരംഗം തകർന്നടിഞ്ഞുവെന്നും കപ്പിത്താൻ ഉണ്ടായിട്ടു കാര്യമില്ല, കപ്പൽ മുങ്ങിത്താണുവെന്നു മന്ത്രിയെ ഓർമിപ്പിക്കുകയാണെന്നും ഷംസുദീൻ പറഞ്ഞു. എന്നാൽ കേരളത്തിലെ ആരോഗ്രംഗത്തെ താറടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് വീണാ ജോർജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.


കേരളത്തിലെ ശിശു മരണനിരക്ക് അമേരിക്കൻ ഐക്യനാടുകളെ പോലെയെത്തിയെന്നത് പൊതുജനാരോഗ്യത്തിന്റെ അഭിമാനമാണെന്ന് വീണാ ജോർജ് പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് മരണനിരക്ക് 12 ആയിരുന്നു. അത് എൽഡിഎഫ് അഞ്ചാക്കി. അമീബിക് മസ്ത്ഷിക ജ്വരവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം കൊണ്ടുവന്നിട്ട് ഒരു നിർദേശവും വെക്കാൻ പ്രതിപക്ഷത്തിന് കഴഞ്ഞിട്ടില്ല. അമീബിക് മസ്തിഷ്‌ക ജ്വരം അപൂർവ രോഗമാണ്. 2016ലാണ് സംസ്ഥാനത്ത ആദ്യം റിപ്പോർട്ട് ചെയ്ത്. അന്ന് അതിനെക്കുറിച്ച് പഠിക്കാൻ പോലും യുഡിഎഫ് സർക്കാർ തയ്യാറായില്ല. ഇന്ന് എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനങ്ങൾ ഉണ്ട്.


രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങളുള്ള സാങ്കേതിക മാർഗരേഖ കേരളത്തിനുണ്ട്. കുളം, പുഴ, തടാകം, സ്വിമ്മിങ് പൂൾ, ടാപ്പിലെ വെള്ളം, കനാൽ, വാട്ടർ ടാങ്ക് തുടങ്ങി രോഗം പകരാൻ സാധ്യതയുള്ള എല്ലാ ജല ഉറവിടങ്ങളെക്കുറിച്ചും ഇതിൽ ശാസ്ത്രീയമായി വിശദീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന് പുറമെ മറ്റ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഏകാരോഗ്യ കർമ്മ പദ്ധതി കേരളത്തിനുണ്ട്. ലോകത്തിൽ തന്നെ ഇത്തരത്തിലൊരു സംവിധാനം ആദ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


2023ലെ നിപ വ്യാപനത്തിന് ശേഷമാണ്, കാരണം കണ്ടെത്താത്ത മസ്തിഷ്‌ക മരണങ്ങൾ വിശദമായി പരിശോധിക്കാൻ തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. വൈറൽ പാനൽ ടെസ്റ്റുകൾ നെഗറ്റീവ് ആകുമ്പോൾ അമീബയുടെ സാന്നിധ്യം കൂടി പരിശോധിക്കാൻ നിർദ്ദേശം നൽകി. ഇങ്ങനെയാണ് സംസ്ഥാനത്ത് കൂടുതൽ കേസുകൾ കണ്ടെത്തിത്തുടങ്ങിയത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ഈ രോഗം വ്യാപകമാണെങ്കിലും പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുകയാണെന്ന് മന്ത്രി പഠനങ്ങൾ ഉദ്ധരിച്ച് വിശദീകരിച്ചു.2020-ൽ എയിംസ് ന്യൂഡൽഹിയിലെ മൈക്രോബയോളജി വിഭാഗം നടത്തിയ പഠനത്തിൽ, കാരണമറിയാത്ത മസ്തിഷ്‌ക ജ്വരങ്ങളിൽ ഒരു ശതമാനം അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയിരുന്നു. 2022-ൽ പിജിഐ ചണ്ഡീഗഢ് 156 മസ്തിഷ്‌ക ജ്വരം സംശയിച്ച രോഗികളിൽ നടത്തിയ പരിശോധനയിൽ 11 പേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സ്‌കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനും സമാനമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ രോഗകാരണം അറിയാത്ത മസ്തിഷ്‌ക ജ്വരങ്ങളിൽ ഏഴ് ശതമാനത്തോളം അമീബിക് മസ്തിഷ്‌ക ജ്വരം ആകാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹരിത കേരള മിഷൻ, 14 ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുന്ന രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.


നിരവധി രോഗങ്ങളെ കേരളം പിടിച്ചുകെട്ടി. കോവിഡ്, നിപ, സിക്കാ വൈറസ്, മങ്കി പോക്‌സ് തുടങ്ങിയ നിരവധി ഉദാഹരണങ്ങൾ പറാൻ കഴിയും. ചികിത്സാ മേഖലയിൽ മാത്രമല്ല മെഡിക്കൽ മേഖലയിലും മികച്ച പ്രകടനമാണ് കേരളം നടത്തുന്നു. കേരളത്തിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ കാത്ത് ലാബ് ഉണ്ടെങ്കിൽ അത് ഇടതുസർക്കാരിന്റെ കാലത്താണ് ഉണ്ടാക്കിയത്. കാർഡിയാക് രോഗികളുടെ മരണനിരക്ക് ആറ് ശതമാനമായി കുറച്ചു. ഇതെല്ലാം ഉണ്ടായത് കേരളത്തലെ ഇടതുമുന്നണിയുടെ നയത്തിന്റെ അടിസ്ഥാനനത്തിലാണെന്നും വീണാ ജോർജ് പറഞ്ഞു.

Previous Post Next Post