ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 75ന്റെ നിറവിൽ. ലോകനേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖർ മോദിക്ക് ജന്മദിനാശംസകൾ നേർന്നു. ജന്മദിനത്തിന്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന സേവ പഖ്വാഡെയും ആരംഭിച്ചു. ജന്മദിനത്തിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ജില്ലാ ആശുപത്രികൾ, മറ്റ് സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിലായി ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാംപുകൾ സംഘടിപ്പിക്കും.
പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാർ ജില്ലയിൽ 'സ്വസ്ത് നാരി സശക്ത് പരിവാർ' ക്യാംപെയ്‌നും തുടക്കം കുറിച്ചു. ഗ്രാമങ്ങളിൽ ഗർഭിണികൾക്ക് മാതൃ-ശിശു ആരോഗ്യത്തെക്കുറിച്ച് സമയബന്ധിതമായ വിവരങ്ങൾ നൽകുന്നതിനായി 'സുമൻ സഖി ചാറ്റ്‌ബോട്ട്'ന്റെ പ്രവർത്തനത്തിനും ഇന്ന് തുടക്കമായി. രാജ്യത്തെ ആദ്യ പി എം മിത്ര ടെക്‌സ്റ്റൈൽ പാർക്കിന് തറക്കല്ലിട്ടു. കുടാത വിവിധ വികസനപദ്ധതികൾക്കും മോദി തുടക്കം കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഷ്്ട്രപതി ദ്രൗപദി മുർമു ജന്മദിനാശംസകൾ നേർന്നു. 'രാജ്യത്ത് വലിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിനും നേടുന്നതിനുമുള്ള ഒരു സംസ്‌കാരം നിങ്ങളുടെ അസാധാരണമായ നേതൃത്വം വളർത്തിയെടുത്തിട്ടുണ്ട്. ഇന്ന്, ആഗോള സമൂഹം പോലും നിങ്ങളുടെ മാർഗനിർദേശത്തിൽ വിശ്വാസം അർപ്പിക്കുന്നു'' രാഷ്ട്രപതി ആശംസ സന്ദേശത്തിൽ പറഞ്ഞു.
ഇതിന് പിന്നാലെ പ്രധാനമന്ത്രി മോദി രാഷ്ട്രപതിക്ക് നന്ദി പറഞ്ഞു. 140 കോടി ജനങ്ങളുടെ പിന്തുണയോടെ, ശക്തവും, കഴിവുള്ളതും, സ്വാശ്രയവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് തന്റെ സർക്കാർ സമർപ്പിതമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ ചിന്തകൾ പ്രചോദനാത്മകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും ലോക്സഭാ സ്പീക്കർ ഓം ബിർളയും മോദിക്ക് ആശംസകൾ നേർന്നു. മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഇന്ത്യ ആഗോളതലത്തിൽ ശക്തമായ വ്യക്തിത്വം സൃഷ്ടിക്കുകയാണെന്നും വികസിത രാഷ്ട്രമായി മാറുന്നതിലേക്ക് അതിവേഗം നീങ്ങുകയാണെന്നും സിപി രാധാകൃഷ്ണൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ രാജ്യത്തോടുള്ള സമർപ്പണവും പ്രതിബദ്ധതയും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് ഓം ബിർള പറഞ്ഞു.
ദീർഘവീക്ഷണമുള്ള നേതൃത്വം, രാജ്യത്തോടുള്ള അർപ്പണബോധം, അക്ഷീണമായ കഠിനാധ്വാനം എന്നിവയിലൂടെ മോദി രാജ്യത്തിന് പുതിയ ഊർജ്ജം നൽകുകയും ഒരു പുതിയ ദിശ കാണിക്കുകയും ചെയ്തതായി രാജ്‌നാഥ് സിങ് പറഞ്ഞു. അദ്ദേഹം ഇന്ത്യയെ ഉന്നതിയിലേക്ക് ഉയർത്തി, രാജ്യത്തോടും ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത മാതൃകാപരമാണെന്നും സിങ് പറഞ്ഞു.
മോദി അഞ്ചു പതിറ്റാണ്ടിലേറെയായി ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന നേതാവ് മോദിയെന്ന് അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വം രാഷ്ട്രക്ഷേമത്തിനായി ജീവിതം സമർപ്പിച്ച ദൗത്യനിഷ്ഠയാർന്ന നേതാവാണെന്നും അമിത് ഷാ പറഞ്ഞു. ത്യാഗത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതീകമായ മോദി കോടിക്കണക്കിന് പൗരന്മാർക്ക് പ്രചോദനമാണെന്നും അമിത് ഷാ വിശേഷിപ്പിച്ചു. ആർഎസ്എസ് പ്രചാരകനെന്ന നിലയിൽ നടത്തിയ യാത്രകൾ രാജ്യത്തിന്റെ ആത്മാവിനെ അടുത്തറിയാൻ മാത്രമല്ല, അതിന്റെ ആന്തരികശക്തി അനുഭവിക്കാനും അദ്ദേഹത്തെ സഹായിച്ചതായും അമിത് ഷാ പറഞ്ഞു.
മൂൻ ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്ര ആരോഗ്യമന്ത്രിയുമായി ജെപി നഡ്ഡ മോദിക്ക് ആശംസകൾ നേർന്നു. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പുരോഗതി ലക്ഷ്യമിട്ട് സ്വയംപര്യാപ്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ പ്രധാനമന്ത്രി മോദി നിരവധി പരിവർത്തനപരമായ നടപടികൾ സ്വീകരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഇന്ത്യയുടെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തിന് ആഗോള പ്രശസ്തി ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രശംസിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭീകരവാദവും അഴിമതിയും ഇല്ലാതാക്കി ഇന്ത്യ സ്വയംപര്യാപ്തമായെന്നും ഗഡ്കരി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി മോദിക്ക് ആശംസകൾ നേർന്നു. പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടായിരിക്കട്ടെയെന്ന് രാഹുലും ഖാർഗെയും പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഗവർണർമാർ മന്ത്രിമാർ തുടങ്ങി നിരവധി പേർ മോദിക്ക് ജന്മദിനാശംസകൾ നേർന്നു.
