തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തിക്കൊണ്ട് കേരള സർക്കാർ നടത്താൻ നിശ്ചയിച്ചിട്ടുള്ള ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയമായ മുതലെടുപ്പാണ് ലക്ഷ്യമിടുന്നത്. കപടമായ അയ്യപ്പ സ്‌നേഹമാണത്. ശബരിമലയെ ഏറ്റും സങ്കീർണമായ അവസ്ഥയിലെത്തിച്ച മുന്നണിയും രാഷ്ട്രീയ പ്രസ്ഥാനവുമാണ് എൽഡിഎഫും സിപിഎമ്മുമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ കൊടുത്ത സത്യവാങ്മൂലം തിരുത്തിയിട്ടാണ്, ആചാരലംഘനം നടത്താൻ സിപിഎം നേതൃത്വം നൽകുന്ന സർക്കാർ കൂട്ടു നിന്നത്. ആ സത്യവാങ്മൂലം ഇപ്പോഴും സുപ്രീംകോടതിയിൽ നിലനിൽക്കുകയാണ്. എൽഡിഎഫ് സർക്കാർ കൊടുത്ത, ആചാരലംഘനം നടത്താൻ സൗകര്യം ചെയ്തുകൊടുത്ത ആ സത്യവാങ്മൂലം പിൻവലിക്കാൻ തയ്യാറുണ്ടോയെന്ന് യുഡിഎഫ് ചോദിക്കുകയാണെന്ന് വിഡി സതീശൻ വ്യക്തമാക്കി.
രണ്ടാമതായി ശബരിമലയിലെ ആചാരസംരക്ഷണത്തിനായി, നാമജപഘോഷയാത്ര ഉൾപ്പെടെയുള്ള സമാധാനപരമായ സമരങ്ങൾക്കെതിരായ കേസുകൾ ഇതുവരെ പിൻവലിക്കപ്പെട്ടിട്ടില്ല. ആ കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. ആ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ സർക്കാർ വന്ന ശേഷമാണ് ശബരിമല തീർത്ഥാടനം പ്രതിസന്ധിയിലായതെന്നും സതീശൻ കുറ്റപ്പെടുത്തി.
പണ്ട് ഉണ്ടാക്കിയ ഒരു കവനന്റിന്റെ അടിസ്ഥാനത്തിൽ 48 ലക്ഷം രൂപയാണ് എല്ലാ വർഷവും ദേവസ്വം ബോർഡിന് കൊടുക്കേണ്ടത്. എ കെ ആന്റണി സർക്കാർ ആ തുക 82 ലക്ഷമായി ഉയർത്തി. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി ഈ സർക്കാർ ശബരിമലക്കായി ഈ പണം നൽകിയിട്ടില്ല. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ചെറുവിരൽ അനക്കാത്ത സർക്കാരാണിതെന്നും വിഡി സതീശൻ പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്, വി എസ് ശിവകുമാർ ദേവസ്വം മന്ത്രിയായിരിക്കുന്ന കാലത്ത് ശബരിമല വികസനത്തിനായി 112 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. കേന്ദ്ര അനുമതിയോടു കൂടി, വനം വകുപ്പിന്റെ അനുമതിയോടു കൂടി ഭൂമി ഏറ്റെടുത്തു. പകരം ഇടുക്കിയിൽ 112 ഏക്കർ ഭൂമി വനം വകുപ്പിന് നൽകി. സ്വാമി അയ്യപ്പൻ റോഡ്, ട്രീറ്റ്‌മെന്റ് പ്ലാന്റ്, ആശുപത്രികൾ ഉൾപ്പെടെ നിരവധി വികസനപ്രവർത്തനങ്ങളാണ് ആ സർക്കാരിന്റെ കാലത്ത് നടന്നത്. കഴിഞ്ഞ ഒമ്പതര കൊല്ലമായി ശബരിമല വികസനത്തിനായി ചെറുവിരൽ അനക്കാത്ത സർക്കാർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അയ്യപ്പസംഗമവുമായി വരുമ്പോൾ, ഉയരുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയും സർക്കാരും മറുപടി പറഞ്ഞേ മതിയാകൂ.
അയ്യപ്പ സംഗമം യുഡിഎഫ് ബഹിഷ്‌കരിക്കുന്നില്ല. ബഹിഷ്കരിക്കാൻ രാഷ്ട്രീയപരിപാടിയൊന്നുമല്ലല്ലോ. ഈ കപട അയ്യപ്പ ഭക്തിയും അതിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പും അയ്യപ്പ ഭക്തരെ പരിഹസിക്കുന്നതിന് തുല്യമാണ്. യുഡിഎഫ് എല്ലാക്കാലത്തും അയ്യപ്പഭക്തരുടെ താൽപ്പര്യങ്ങൾക്കും അഭിപ്രായങ്ങൾക്കും ഒപ്പം നിന്നവരാണ്. അതിനെതിരായ നവോത്ഥാന സമിതി ഉണ്ടാക്കിയവരാണ് സിപിഎമ്മുകാർ. ആചാരലംഘനം നടത്തിയത് ശരിയാണെന്ന് പറഞ്ഞുകൊണ്ടാണ് നവോത്ഥാന സമിതി ഉണ്ടാകുന്നത്. കേരളത്തിൽ മതിൽ തീർത്തു. ആ നവോത്ഥാന സമിതി ഇതുവരെ പിരിച്ചു വിട്ടിട്ടില്ല. ആചാര ലംഘനം ശരിയാണെന്നും, ആകാശം ഇടിഞ്ഞുവീണാലും ആ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുമെന്നു പറഞ്ഞവർ ഇപ്പോൾ അഭിപ്രായം മാറ്റിയോ?. അക്കാര്യം അവർ തുറന്നു പറയട്ടെ. കഴിഞ്ഞ ഒമ്പതു കൊല്ലം നടത്താത്ത അയ്യപ്പ സംഗമം ഇപ്പോൾ നടത്തുന്നു. പത്താമത്തെ കൊല്ലം ഇപ്പോഴെവിടുന്നാണ് ആ അയ്യപ്പ ഭക്തി ഉറവെടുത്തതെന്ന് കേരളത്തിലെ ജനങ്ങൾ അറിയേണ്ടതല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു തന്നെ നടക്കാനിരിക്കെ ലോക്കൽ ബോഡി ഫണ്ടിൽ നിന്നും പണമെടുത്ത് വികസന സദസ് നടത്താൻ പോകുന്നു. ഇതിനോട് യുഡിഎഫ് സഹകരിക്കില്ല. പ്രാദേശിക സർക്കാരുകളെ കഴുത്തുഞെരിച്ചു കൊന്ന സർക്കാരാണിത്. 9000 കോടി കൊടു്‌കേണ്ട സ്ഥാനത്ത് 6000 കോടി മാത്രമാണ് നൽകിയിട്ടുള്ളത്. ഓഗസ്റ്റിൽ കൊടുക്കേണ്ട പണം ഡിസംബറിലും, ഡിസംബറിൽ കൊടുക്കേണ്ട പണം മാർച്ചിലും നൽകുകയും, മാർച്ചിൽ പണം അനുവദിച്ചതിന്റെ പിറ്റേന്ന് ട്രഷറി അടക്കുകയും ചെയ്ത സർക്കാരാണിത്. മുമ്പ് നവകേരള സദസ് നടത്തിയതിന്റെ കണക്ക് പോലും ഇതുവരെ വെച്ചിട്ടില്ല. കോടികളാണ് അന്നു വിഴുങ്ങിയത്. പണം ദുർവ്യയം ചെയ്യുന്നതിനായിള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയാണത്. അതിനോട് യുഡിഎഫിന് സഹകരിക്കാനാകില്ലെന്ന് വിഡി സതീശൻ പറഞ്ഞു.
