ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്തു, ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, ആയിരങ്ങൾ പലായനം ചെയ്തു

 

ടെൽ അവീവ്: കരമാർഗമുള്ള ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഗാസ സിറ്റിയിൽ പ്രവേശിച്ച് ആക്രമണം കടുപ്പിച്ച് ഇസ്രയേൽ സൈന്യം. നഗരത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ അറിയിച്ചു.


ഗാസ സിറ്റിയിൽ കനത്ത ബോംബ് ആക്രമണമാണ് നടക്കുന്നത്. ഇന്നലെ മാത്രം നൂറിലേറെപേർ നഗരത്തിൽ കൊല്ലപ്പെട്ടു. സൈന്യം ആക്രമണം ശക്തമാക്കിയതോടെ ആയിരക്കണക്കിന് പലസ്തീനികൾ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്യുകയാണ്.


കരയുദ്ധം ആരംഭിച്ചതോടെ 'ഗാസ കത്തുകയാണ്' എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണു ശക്തമായ കരയുദ്ധം മേഖലയിൽ ആരംഭിച്ചിരിക്കുന്നത്. ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി ഐഡിഎഫ് സൈനികർ ധീരമായി പോരാടുകയാണെന്നും ഇസ്രയേൽ കാറ്റ്സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


ഗാസയിലെ പ്രധാന നഗരത്തിലേക്ക് സൈന്യം കൂടുതൽ അടുത്തേക്ക് നീങ്ങുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസ് ഭീകരരെ നേരിടാൻ കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും ഇസ്രയേൽ പറഞ്ഞു. ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ ഗാസ സിറ്റിയിലെ 40 ശതമാനം താമസക്കാർ, അതായത് ഏകദേശം മൂന്നരലക്ഷം പേർ തെക്കൻ മേഖലയിലേക്ക് പലായനം ചെയ്തതായാണ് റിപ്പോർട്ട്. ഇസ്രയേൽ സൈന്യം ഗാസ നഗരത്തിലേക്ക് മാർച്ച് ചെയ്യുകയാണ്. ടാങ്കുകളും കവചിത വാഹനങ്ങളുമായാണ് സൈന്യത്തിന്റെ നീക്കം. പലസ്തീനിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധമാണ് ഇസ്രയേൽ കടുപ്പിച്ചത്.

Previous Post Next Post