ദുരൂഹത നിറയുന്ന ജയേഷിന്റെ വീട്, ചോര കണ്ടപ്പോൾ തലകറങ്ങിയ രശ്മി; കേട്ടത് വിശ്വസിക്കാനാകാതെ നാട്ടുകാർ

ബുധനാഴ്ച വൈകീട്ട് ആറുമണിയോടുകൂടി ആറന്മുള പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർ ജയേഷിന്റെ വീട് തിരക്കി അന്താലിമണ്ണിൽ എത്തി.


കോയിപ്രം പഞ്ചായത്ത് നാലാം വാർഡിൽക്കൂടി പോകുന്ന പരുത്തിമുക്ക്-കള്ളിപ്പാറ റോഡിൽ നിന്ന് 100 മീറ്റർ ദൂരമുള്ള മൂന്നടി പാതയാണ് ജയേഷിന്റെ വീട്ടിലേക്കുള്ളത്.


പോലീസുകാർ ആരെയോ തിരക്കിവന്ന രീതിയിലാണ് വീട്ടിലുണ്ടായിരുന്ന ജയേഷിനോട് സംസാരിച്ചത്. ''സാറന്മാർ പൊക്കോ ഞാൻ പുറകെ വരാം'' എന്ന് ജയേഷ് പറയുന്നതേ അടുത്തുള്ള വീട്ടുകാർ കേട്ടുള്ളൂ. എന്താണ് സംഭവിക്കുന്നതെന്ന് നാട്ടുകാർക്ക് പിടികിട്ടിയില്ല. വീണ്ടും അടുത്തദിവസം ചെന്ന പോലീസുകാരാണ് രശ്മിയെ കൂട്ടിക്കൊണ്ടുപോകുന്നത്. നാട്ടുകാർ ചോദിച്ചപ്പോൾ അടുത്തദിവസം വാർത്താമാധ്യമങ്ങളിലൂടെ നിങ്ങളെല്ലാം അറിയും ഇപ്പോൾ ഞങ്ങൾ ഒന്നും പറയുന്നില്ലെന്ന് പറഞ്ഞ് അവർ പോയി.



പ്രധാന വാതിലിന് പൂട്ടില്ല; പക്ഷേ, സിസിടിവി ഉണ്ട്


ദുരൂഹത നിറഞ്ഞതാണ് ജയേഷിന്റെയും രശ്മിയുടെയും വീട്. സിമന്റ് കട്ടയിൽ തീർത്ത് ആസ്ബസ്റ്റോസ് ഷീറ്റിട്ട് രണ്ടു മുറിയുള്ള വീട്ടിലാണ് ഇവർ കുടുംബസമേതം താമസിച്ചിരുന്നത്. പുറത്തേക്കുള്ള രണ്ടു വാതിലിനും പൂട്ടില്ല. കിടപ്പുമുറിയിലേക്ക് തിരിച്ചു വെച്ചിട്ടുള്ള നിലയിൽ ഒരു സിസിടിവി പ്രധാന വാതിലിന് മുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ജയേഷ് നേരത്തെ കുറച്ചുനാൾ ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ ചെട്ടിമുക്കിന് സമീപമുള്ള ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരി ആയിരുന്നു. കുട്ടികളെ അയൽപക്കങ്ങളിൽ വിടാറില്ല. അവരുമായിട്ട് സംസാരിക്കുന്നതുപോലും ഭാര്യയ്ക്കും ഭർത്താവിനും ഇഷ്ടമല്ല. സമീപത്തുള്ള വീടിനേക്കാൾ പത്തടിത്താഴ്ചയിലാണ് ഇവരുടെ വീട്.


ഇവരുടെ വീട്ടിലേക്കുള്ള അയൽപക്കക്കാരുടെ കാഴ്ച മറയ്ക്കുവാൻ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിട്ടുണ്ട്. ഓണത്തിന് ദിവസങ്ങൾക്കുമുമ്ബ് ജയേഷ് ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നു. അയൽപക്കങ്ങളിൽ പോകരുതെന്ന് ശക്തമായ താക്കീത് നൽകി. രശ്മിയുടെ വീട്ടാവശ്യത്തിനുള്ള വെള്ളം എടുത്തിരുന്നത് സമീപത്തുള്ള വീട്ടിൽനിന്നാണ്. അവരോടുപോലും ഒന്നും സംസാരിക്കാൻ താത്പര്യം കാണിക്കാറില്ലായിരുന്നു.


വീട്ടിലേക്ക് രണ്ടുവഴി


ജയേഷിന്റെ വീടിനുമുമ്ബിൽ അഞ്ചേക്കറിൽ അധികമുള്ള റബ്ബർത്തോട്ടമാണ്. റബ്ബർത്തോട്ടം കുറുകേ കടന്നാൽ പരുത്തിമുക്ക്-കള്ളിപ്പാറ റോഡാണ്. ഈ ഭാഗത്തൊന്നും വേറെ വീടുകളില്ല. റാന്നി സ്വദേശിയെ മർദിച്ചശേഷം റബ്ബർത്തോട്ടത്തിൽ കൂടിയാണ് ഇരുവരും റോഡിൽ എത്തിച്ചത്. അവിടെനിന്നാണ് സ്കൂട്ടറിൽ റാന്നി ഭാഗത്തേക്ക് ഓടിച്ചുപോകുന്നത്. സാധാരണ ഇവർ നടന്നുവരുന്ന മൂന്നടിപ്പാതയ്ക്കുസമീപം വീടുകൾ ഉള്ളതിനാൽ രാത്രിയിൽ റബ്ബർത്തോട്ടം വഴിയാണ് യാത്ര.


ചോര കണ്ടു, രശ്മി തലകറങ്ങിവീണു


ജൂൺ ആദ്യവാരം സമീപത്തുള്ള ഒരു യുവാവിന് ബൈക്ക് അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. രശ്മി അവരുടെ വീട്ടിലേക്ക് പോകുന്ന വഴി പരിക്കേറ്റയാളുടെ കാലിൽ നിന്ന് ചോര ഒലിക്കുന്നതുകണ്ട് ബോധംകെട്ടുവീണു. പിന്നീട് സമീപവാസികളാണ് വീട്ടിൽ കൊണ്ടാക്കിയത്. ചോര കണ്ടപ്പോൾ തലകറങ്ങിയ ആൾ ആണോ നഖം പിഴുതെടുക്കാൻ ശ്രമിച്ചതും വിരലുകളിൽ മൊട്ടുസൂചി അടിക്കാൻ തയ്യാറായതെന്നും വിശ്വസിക്കാൻ നാട്ടുകാർക്ക് ആവുന്നില്ല.


കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ക്ലീനിങ് ജോലി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും കുറച്ചുദിവസംമാത്രം പോയി. സ്കൂൾ അധികൃതർ തന്നെ അടുത്തുള്ള ഹോട്ടലിൽ ജോലി ശരിയാക്കി കൊടുത്തെങ്കിലും അവിടെയും കുറച്ചുദിവസംമാത്രം ജോലി ചെയ്തു. രണ്ടുപേർക്കും കാര്യമായ ജോലി ഉള്ളതായി ആർക്കും അറിയില്ല. പക്ഷേ കുറച്ചുനാളായി വിലകൂടിയ മൊബൈൽ ഉപയോഗിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.


ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിൻ അടിച്ചത് രശ്മി


പത്തനംതിട്ട: ''മുറിയിൽ കെട്ടിത്തൂക്കിയിട്ടശേഷം വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ രശ്മിയാണ് സ്റ്റേപ്ലർ പിൻ അടിച്ചത്. വേദനകൊണ്ട് പുളഞ്ഞു. കാൽവിരലിലെ നഖം കട്ടിങ് പ്ലെയർ ഉപയോഗിച്ച്‌ പറിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ കുതറി. വലതുകാൽ ബലമായി പിടിച്ചുവെച്ച്‌ നഖത്തിനിടയിൽ രശ്മി മൊട്ടുസൂചി അടിച്ചുകയറ്റി. കമ്ബിവടികൊണ്ട് എന്റെ കാലിലും ശരീരത്തും ജയേഷ് അടിച്ചുകൊണ്ടിരുന്നു. കാൽമുട്ട് പൊട്ടി ചോര ഒലിച്ചു. ആഴത്തിലുള്ള മുറിവിനകത്തേക്ക് പെപ്പർ സ്പ്രേ അടിച്ചു.'' കേട്ടാൽ വിശ്വസിക്കാനാകാത്ത ക്രൂരകൃത്യങ്ങളാണ് തിരുവോണദിവസം വൈകീട്ട് കോയിപ്രം ആന്താലിമണ്ണിലെ വീട്ടിൽ നടന്നത്. ഇത് വിവരിക്കുമ്ബോൾ മർദനത്തിനിരയായി, ജീവൻ തിരിച്ചുകിട്ടിയ റാന്നി അത്തിക്കയം സ്വദേശിയായ 29-കാരന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.


ജയേഷുമായി 2018 മുതലുള്ള പരിചയമാണെന്ന് യുവാവ് പറയുന്നു; ''ബെംഗളൂരുവിലെ ക്രഷർ കമ്ബനിയിൽ ജോലിയായിരുന്നു ജയേഷും താനും. അവിടെവെച്ചാണ് പരിചയപ്പെടുന്നത്. ജയേഷുമായി മുൻവിരോധമില്ല. ജയേഷിനെ വിളിച്ചിട്ട് കിട്ടാതാകുമ്ബോൾ രശ്മി തന്റെ ഫോണിൽ വിളിക്കുമായിരുന്നു. അങ്ങനെയാണ് രശ്മിയുമായുള്ള പരിചയം.


തിരുവോണദിവസം വൈകീട്ട് രശ്മിയാണ് വിളിച്ച്‌ വീട്ടിലേക്ക് വരാൻ പറയുന്നത്. തിരുവോണത്തിന് വീട്ടിലേക്ക് ക്ഷണിക്കുന്നത് സ്വാഭാവികമായതിനാൽ ചെന്നു. വീട്ടിൽ കയറി സംസാരിച്ചിരുന്നതിനിടെ ജയേഷ് പെപ്പർ സ്പ്രേ അടിച്ചു. പിന്നീട് അടിച്ചുതാഴെയിട്ട ശേഷം ബ്ലേഡ് കഴുത്തിനുവെച്ച്‌ ഭീഷണിപ്പെടുത്തി. ഇരുവരും ചേർന്ന് ഷാൾ ഉപയോഗിച്ച്‌ കൈകൾ കെട്ടിയശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. ജനനേന്ദ്രിയത്തിലും പുറത്തും സ്റ്റേപ്ലർ പിൻ അടിച്ചു. കാലിൽനിന്ന് ചോര ഒലിക്കുമ്ബോൾ അവർ ചിരിക്കുകയായിരുന്നു. മാത്രമല്ല, ആഭിചാരക്രിയപോലെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. മർദനത്തിനുശേഷം എട്ടുമണിയോടെ സ്കൂട്ടറിൽ പുതമൺ പാലത്തിൽ തള്ളി. അതുവഴിവന്ന ഓട്ടോറിക്ഷക്കാരനാണ് ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. അവിടെവെച്ചാണ് സ്റ്റേപ്ലർ പിൻ ഊരിയത്. കാലിനും ആറ് വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റിട്ടുണ്ടെന്നും ശരീരമാസകലം വേദനയാണെന്നും യുവാവ് പറയുന്നു.

Previous Post Next Post