ശബരിമല സംരക്ഷണ സംഗമത്തിന് പന്തളത്ത് തുടക്കമായി

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കർമസമിതിയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ സംഗമത്തിന് പന്തളത്ത് തുടക്കമായി. വാഴൂർ തീർഥപാദാശ്രമത്തിലെ പ്രജ്ഞാനന്ദ തീർഥ പാദർ സെമിനാർ ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ തകർക്കാൻ വേണ്ടി ബോധപുർവം പലരും ദീർഘകാലം ആസൂത്രണം ചെയ്തിട്ടും അത് നടക്കാത്തത് അയ്യപ്പസ്വാമിയുടെ പിന്തുണയില്ലാത്തതുകൊണ്ടാണെന്ന് പ്രജ്ഞാനന്ദ തീർഥ പാദർ പറഞ്ഞു. അവരെ ഭഗവാൻ പുറന്തള്ളിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം സുരക്ഷ എന്നതാണ് സമ്മേളന സന്ദേശം.


ശബരിമലയിൽ വികസനം ആവശ്യമാണെന്നും എന്നാൽ അത് വിശ്വാസത്തിന് എതിരായിരിക്കരുതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹിന്ദു ഐക്യമുമന്നണി നേതാവ് കെപി ശശികല പറഞ്ഞു. പമ്പയിലെ വേദിയിൽ വച്ച് ചിലർ അയ്യപ്പ വിഗ്രഹം ഏറ്റുവാങ്ങിയപ്പോൾ അയ്യപ്പന് മുന്നിൽ നിന്ന് വിളക്കു തെളിയിച്ചപ്പോൾ, ഗീതാ ശ്ലോകം ഇരുവിട്ടപ്പോൾ ഒരു കാര്യം മനസിലായി സനാതനധർമമെന്നാൽ അത് സനാതനമാണെന്ന്. എതിർക്കുന്നവരെ കൊണ്ടുകൂടി ഇതൊക്കെ ചെയ്യിപ്പിച്ചേ ആ ധർമം മുന്നോട്ടുപോകുകയുള്ളു. അവിടെ സാഷ്ടാഗം പ്രണമിക്കാതെ ആർക്കും മുന്നോട്ടുപോകാനാകില്ലെന്ന് ആ പരിപാടിയിലൂടെ ബോധ്യമായെന്ന് കെപി ശശികല പറഞ്ഞു.


വിശ്വാസം, വികസനം, സുരക്ഷ എന്നതാണ് ശബരിമല സംരക്ഷണസംഗമത്തിന്റെ ലക്ഷ്യമെന്ന് ശശികല പറഞ്ഞു. ശബരിമലയിൽ വികസനം ആവശ്യമാണ്. വികസനമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യമല്ല. അത് വിശ്വാസികൾക്ക് ആവശ്യമായ സൗകര്യങ്ങളാണ്. ശബരിമല ഉൾപ്പെടെ എല്ലാ ക്ഷേത്രത്തിലും ആരാധനയുടെയും അടിത്തറ വിശ്വാസമാണ്. അതിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഒന്നും അവിടെ നടക്കരുതെന്നും അവർ പറഞ്ഞു. ജനറൽ കൺവീനർ എസ് ജെ ആർ കുമാർ ദർശനരേഖ അവതരിപ്പിച്ചു.


ശബരിമലയുടെ വിശ്വാസം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ശബരിമല അയ്യപ്പ സേവാ സംഘം സ്ഥാപക സെക്രട്ടറി സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തും. ശബരിമലയുടെ വികസനം എന്ന വിഷയത്തിലാണ് രണ്ടാം സെമിനാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് ജി രാമൻ നായർ വിഷയാവതരണം നടത്തും. ശബരിമല സംരക്ഷണം എന്ന വിഷയത്തിൽ നടക്കുന്ന മൂന്നാമത്തെ സെമിനാറിൽ മുൻ ഡിജിപി ടി പി സെൻകുമാർ വിഷയാവതരണം നടത്തും.


വൈകിട്ട് മൂന്നിന് കുളനട പഞ്ചായത്തിലെ കൈപ്പുഴയുള്ള ശ്രീവൽസം മൈതാനത്ത് ശബരിമല സംരക്ഷണ സംഗമം സമ്മേളനം ബിജെപി തമിഴ്‌നാട് മുൻ സംസ്ഥാന അധ്യക്ഷൻ കെഅണ്ണാമലൈ ഉദ്ഘാടനം ചെയ്യും സ്വാഗതസംഘം പ്രസിഡന്റ് പി എൻ നാരായണവർമ്മ അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാധ്യക്ഷൻ വത്സൻ തില്ലങ്കേരി ആമുഖപ്രഭാഷണം നടത്തും. സ്വാമി ശക്തി ശാന്താനന്ദ മഹർഷി, തേജസി സൂര്യ എംപി, പ്രജ്ഞാപ്രവാഹ ദേശീയ സമ്മേളനം ജെ നന്ദകുമാർ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, ശബരിമല സംരക്ഷണ സംഗമം ജനറൽ കൺവീനർ കെ പി ഹരിദാസ് കൺവീനർ എസ് ജെ ആർ കുമാർ എന്നിവർ പ്രസംഗിക്കും.

Previous Post Next Post