കൊല്ലം: പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫെയ്‌സ്ബുക്കിൽ പങ്കവയ്ക്കുകയായിരുന്നു. തുടർന്ന് പ്രതി ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് പൊലീസ് പറയുന്നത്.
രാവിലെ ആറരയോടെയാണ് വീട്ടിൽ അതിക്രമിച്ചു കയറിയ ഐസക് ശാലിനിയെ കൊലപ്പെടുത്തിയത്. ഇരുവരും ദീർഘനാളായി വേറിട്ടാണ് താമസിക്കുന്നത്. ശാലിനി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തർക്കങ്ങളുടെ തുടക്കം. നിലവിളി കേട്ട് അയൽവാസികൾ ഓടിയത്തെിയതോടെ ഐസക് സ്ഥലത്തുനിന്നുരക്ഷപ്പെട്ടു. തുടർന്ന് ഇക്കാര്യം ഫെയ്‌സ്ബുക്ക് ലൈവിൽ പങ്കുവയ്ക്കുകയായിരുന്നു.
'ഞാൻ എന്റെ ഭാര്യയെ വെട്ടിക്കൊന്നു. അതിനുകാരണം അളുടെ പലബന്ധങ്ങളാണ്. ഞാൻ അറിയാതെ സ്വർണാഭരണങ്ങൾ പണയംവച്ചു. അവരുടെ അനാവശ്യസഞ്ചാരങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്' ഐസക് ഫെയ്‌സ്ബുക്ക് ലൈവിൽ പറഞ്ഞു. സ്റ്റേഷനിൽ എത്തി കീഴടങ്ങിയ പ്രതി ഐസകിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാലിനിയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
