'അനിലിന്റെ ഭാര്യ ചില കാര്യങ്ങൾ പറഞ്ഞു, അത് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല'; രാജീവ് ചന്ദ്രശേഖർ മാപ്പുപറയണമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: തിരുമല നഗരസഭാ കൗൺസിലർ അനിലിന്റെ മരണവുമായി ബന്ധപ്പെട്ട്പുറത്തുവരുന്ന കാര്യങ്ങൾ ഗൗരവതരമെന്ന് മന്ത്രി വി ശിവൻകുട്ടി. പുറത്തുവന്ന അനിലിന്റെ ആത്മഹത്യാക്കുറിപ്പിൽ ഒരിടത്തും പൊലീസ് ഭീഷണിയെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് പറയുന്നില്ല. സ്വന്തം പാർട്ടിക്കാർ ചതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്. അനിലിന്റെ ഭാര്യ ചില കാര്യങ്ങൾ പറഞ്ഞെന്നും അത് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും ശിവൻകുട്ടി പറഞ്ഞു. അനിൽ വെറും കൗൺസിലർ മാത്രമല്ല, ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രധാന നേതാവാണ്. ഈ വിഷയത്തിൽ ആർഎസ്എസ് പ്രതികരിക്കുമെന്നാണ് താൻ കരുതുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.


സർക്കാർ തലത്തിൽ സമഗ്രമായ അന്വേഷണം നടത്തിയാൽ ആരാണ് കാശ് എടുത്തതെന്ന് കൃത്യമായി അറിയാൻ കഴിയും. കാശ് അടയ്ക്കാത്തവരാണ് മരണത്തിന് ഉത്തരവാദികൾ. അവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആർക്കും പറയാലോ?. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ എവിടെയെങ്കിലും പൊലീസ് എന്നുപറയുന്നുണ്ടോ?. ബിജെപി പ്രവർത്തകർ സഹായിച്ചില്ലെന്ന് മാത്രമാണ് അതിൽ പറയുന്നത്. രാജീവ് ചന്ദ്രശേഖറിനെയും കരമന ജയനെയും അനിലിന്റെ ഭാര്യ കണ്ടപ്പോൾ നിങ്ങളെയൊക്കെ ചേട്ടൻ അന്നുവന്ന് കണ്ടതല്ലേ എന്ന് വളരെ രോഷത്തോടൈ അവർ പറയുന്നുണ്ടായിരുന്നെന്നും ശിവൻകുട്ടി പറഞ്ഞു.


ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനാകാത്ത രീതിയിൽ വിഭ്രാന്തിയിലാണ്. ബിജെപി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ കേരളം ഒരിക്കലും സ്വീകരിക്കില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായി. എന്തു പണിയെടുത്താലും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് പിടിക്കാനാകില്ലെന്ന ഉപദേശം താൻ നൽകുകയാണ്. സ്വന്തം മകളുടെ പ്രായത്തിലുള്ള മാധ്യമ പ്രവർത്തക ചോദിച്ചപ്പോൾ നീ എന്നൊക്കെയാണ് അഭിസംബോധന ചെയ്യുന്നത്. അത് വളരെ തരംതാണ രീതിയിലായിപ്പോയി. അവർ അവരുടെ ജോലി ചെയ്യുന്നു. അക്കാര്യത്തിൽ അദ്ദേഹം പരസ്യമായി മാപ്പുപറയണം. ഭീഷണിയുടെ സ്വരത്തിലാണ് എപ്പോഴും സംസാരിക്കുക. ഇത് കേരളമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് സംസാരം കേൾക്കുമ്പോൾ തോന്നുന്നത്. ഇനിയെങ്കിലും അത് ബോധ്യപ്പെടണം. മറ്റ് സംസ്ഥാനങ്ങളിൽ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ കഴിയും. ഇവിടെ നടക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു.


Previous Post Next Post