'സുരേഷ് ഗോപിക്ക് തൃശൂർ എടുത്തുകൊടുക്കാനുള്ള സിജെപി പാക്കേജ്; കരുവന്നൂരിൽ പുനരന്വേഷണം വേണം'

തൃശൂർ: ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കരുവന്നൂർ ബാങ്ക് കുംഭകോണമടക്കമുള്ള വിവിധ ബാങ്ക് തട്ടിപ്പുകളും തൃശൂരിലെ  സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും പുനരന്വേഷണത്തിന് വിധേയമാക്കണമെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം. സുരേഷ് ഗോപിക്ക് തൃശൂർ എടുത്തുകൊടുക്കാനുള്ള സിജെപി പാക്കേജിന്റെ ഭാഗമായിരുന്നു പൂരം കലക്കലിനും വോട്ടർ പട്ടിക കൃത്രിമത്തിനുമൊപ്പം ഈ അഴിമതി അന്വേഷണ അട്ടിമറിയും. സിപിഎമ്മിന്റേയും ബിജെപിയുടേയും ഉന്നത നേതാക്കളുടെ അറിവിലും ഒത്താശയിലുമാണ് ഇക്കാര്യങ്ങളെല്ലാം നടന്നതെന്നും വിടി ബൽറാം ഫെയ്‌സ്ബുക്കിൽ കുറിച്ചു.


'നാലഞ്ച് വർഷം മുൻപ് നടന്ന ഫോൺ സംഭാഷണമാണ് ഇതെന്ന് പറഞ്ഞൊഴിയുകയാണ് ഇപ്പോൾ ഡിവൈഎഫ്‌ഐ നേതാവ്. എന്നാൽ കരുവന്നൂർ അടക്കമുള്ള തൃശൂരിലെ സഹകരണ ബാങ്ക് കുംഭകോണങ്ങളും ഏതാണ്ട് അതേ കാലത്ത് തന്നെയാണ് നടന്നതെന്ന് ഓർക്കണം. കരുവന്നൂർ ബാങ്ക് കുംഭകോണത്തേക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര ഏജൻസി അതിന്റെ തുടർച്ചയായി സിപിഎം നിയന്ത്രണത്തിലുള്ള മറ്റ് പന്ത്രണ്ടോളം ബാങ്കുകളിലെ തട്ടിപ്പിനേക്കുറിച്ചും അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അതിൽ നിന്നെല്ലാം കേന്ദ്ര ഏജൻസിയായ ഇ.ഡി. പിൻവലിഞ്ഞതാണ് നാം കണ്ടത്. കരുവന്നൂർ ബാങ്ക് കേസിൽ മാത്രമാണ് ഇ.ഡി. കുറ്റപത്രം നൽകിയത്. സിപിഎം നേതാക്കളുടെ വ്യക്തിപരമായ ബാധ്യത ഒഴിവാക്കിക്കൊടുക്കുന്ന രീതിയിലാണ് ഇപ്പോൾ കേസ് മുന്നോട്ടുപോവുന്നത്'-കുറിപ്പിൽ പറയുന്നു.


തനിക്ക് കോടികളുടെ ആസ്തിയുണ്ടെന്ന ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറിയുടെ സംഭാഷണത്തിൽ എംകെ കണ്ണന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.ഒരു ബാങ്കിലും തനിക്ക് അക്കൗണ്ടിൽ നൂറ് രൂപയിൽ കൂടുതൽ ഇല്ല. ഇഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താനായിട്ടില്ല, അവർക്ക് കണ്ടെത്താൻ കഴിയാത്തതാണോ നിങ്ങൾ കാണുന്നതെന്നും എംകെ കണ്ണൻ ചോദിച്ചു.


തനിക്കെതിരായ ആരോപണത്തെ ഗൗരവമായി കാണുന്നില്ലെന്ന് എംകെ കണ്ണൻ പറഞ്ഞു. ഇഡി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു നൂറ് രൂപയിൽ കൂടുതൽ എനിക്ക് ഒരു ബാങ്കിലും ഇല്ല, ശരത് പറഞ്ഞത് താൻ പറഞ്ഞിട്ടില്ലെന്നാണ്. അഞ്ച് വർഷം മുൻപ് രാത്രി സംഭാഷണം നടത്തിയിട്ടുണ്ട്. ഇപ്പോ ഇത് പറയുന്നത് ആരാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയവനാണ് ശബ്ദരേഖ പുറത്തുവിട്ടത്. രാത്രി എന്തെല്ലാം സ്വപ്‌നങ്ങൾ ആളുകൾ കാണുന്നുണ്ട്. ഇഡി അന്വേഷിച്ചിട്ട് നയാപൈസ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ അൻപത് കൊല്ലത്തെ തന്റെ എല്ലാ അക്കൗണ്ടുകളും ബന്ധുക്കളുടെ അക്കൗണ്ടുകളും ഉൾപ്പടെ പരിശോധിച്ചു. എന്നിട്ടും ഇഡിക്ക് എന്റെ പേരിൽ കുറ്റപത്രം നൽകാനായില്ല' കണ്ണൻ പറഞ്ഞു.


സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണമാണ് ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖയിലുള്ളത്. എംകെ കണ്ണൻ, എസി മൊയ്തീൻ തുടങ്ങിയവർ അടക്കമുള്ള നേതാക്കൾക്ക് വലിയ സാമ്പത്തിക സ്വാധീനമുണ്ടെന്നും ഒരു ഘട്ടം കഴിഞ്ഞാൽ നേതാക്കൾ സാമ്പത്തികമായി മുന്നേറുമെന്നും ശരത് സംഭാഷണത്തിൽ പറയുന്നു.


'സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിൽ ആർക്കാണ് സാമ്പത്തിക പ്രശ്‌നങ്ങളുള്ളത്. ഒരുഘട്ടം കഴിഞ്ഞാൽ നേതാക്കളെല്ലാം കാശുകാരാകും. നമ്മളൊക്കെ എസ്എഫ്‌ഐ കാലത്ത് പിരിവുനടത്തിയാൽ പരമാവധി 5,000 രൂപ കിട്ടും. ജില്ലാ ഭാരവാഹിയായാൽ അത് 25,000 ആകും. പാർട്ടി കമ്മിറ്റിക്കാരായാൽ അത് 75,000, ഒരു ലക്ഷം വരെയാകും. എംകെ കണ്ണന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. റൗണ്ടിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ആളാണ് എംകെ കണ്ണൻ. രാഷ്ട്രീയത്തിലൂടെ രക്ഷപ്പെട്ടയാളാണ് അദ്ദേഹം. എസി മൊയ്തീനൊക്കെ വലിയ ആളുകളുടെ ഇടയിൽ ഡീലിങ് നടത്തുന്നയാളാണ്.' ശരത് പ്രസാദ് പറയുന്നു.


വിടി ബൽറാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം


'തൃശൂർ റൗണ്ടിൽ കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്ന കണ്ണേട്ടനൊക്കെ ഇപ്പോ കോടാനുകോടി ആസ്തിയുണ്ട്.' ...


'എ.സി.മൊയ്തീനൊക്കെ കോടികളുടെ ഡീലിംഗുകളാണ് നടത്തുന്നത്'...


ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് പേരെടുത്ത് പറയുന്ന സിപിഎം നേതാക്കൾ മുൻ മന്ത്രി എ.സി.മൊയ്തീൻ എംഎൽഎ, എം.കെ.കണ്ണൻ എക്‌സ് എംഎൽഎ , കൗൺസിലർ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ്, എന്നിങ്ങനെ ഏതാണ്ടെല്ലാവരും കരുവന്നൂർ ബാങ്ക് അടക്കമുള്ള വിവിധ സഹകരണ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാണ്.


നാലഞ്ച് വർഷം മുൻപ് നടന്ന ഫോൺ സംഭാഷണമാണ് ഇതെന്ന് പറഞ്ഞൊഴിയുകയാണ് ഇപ്പോൾ ഡിവൈഎഫ്‌ഐ നേതാവ്. എന്നാൽ കരുവന്നൂർ അടക്കമുള്ള തൃശൂരിലെ സഹകരണ ബാങ്ക് കുംഭകോണങ്ങളും ഏതാണ്ട് അതേ കാലത്ത് തന്നെയാണ് നടന്നതെന്ന് ഓർക്കണം. കരുവന്നൂർ ബാങ്ക് കുംഭകോണത്തേക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര ഏജൻസി അതിന്റെ തുടർച്ചയായി സിപിഎം നിയന്ത്രണത്തിലുള്ള മറ്റ് പന്ത്രണ്ടോളം ബാങ്കുകളിലെ തട്ടിപ്പിനേക്കുറിച്ചും അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അതിൽ നിന്നെല്ലാം കേന്ദ്ര ഏജൻസിയായ ഇ.ഡി. പിൻവലിഞ്ഞതാണ് നാം കണ്ടത്. കരുവന്നൂർ ബാങ്ക് കേസിൽ മാത്രമാണ് ഇ.ഡി. കുറ്റപത്രം നൽകിയത്. സിപിഎം നേതാക്കളുടെ വ്യക്തിപരമായ ബാധ്യത ഒഴിവാക്കിക്കൊടുക്കുന്ന രീതിയിലാണ് ഇപ്പോൾ കേസ് മുന്നോട്ടുപോവുന്നത്.


സുരേഷ് ഗോപിക്ക് തൃശൂർ എടുത്തുകൊടുക്കാനുള്ള സി.ജെ.പി. പാക്കേജിന്റെ ഭാഗമായിരുന്നു പൂരം കലക്കലിനും വോട്ടർ പട്ടിക കൃത്രിമത്തിനുമൊപ്പം ഈ അഴിമതി അന്വേഷണ അട്ടിമറിയും. സിപിഎമ്മിന്റേയും ബിജെപിയുടേയും ഉന്നത നേതാക്കളുടെ അറിവിലും ഒത്താശയിലുമാണ് ഇക്കാര്യങ്ങളെല്ലാം നടന്നത്.


DYFI ജില്ലാ സെക്രട്ടറിയുടെ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കരുവന്നൂർ ബാങ്ക് കുംഭകോണമടക്കമുള്ള വിവിധ ബാങ്ക് തട്ടിപ്പുകളും തൃശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും ഊർജ്ജിതവും സത്യസന്ധവുമായ പുനരന്വേഷണത്തിന് വിധേയമാക്കണം.

Previous Post Next Post