സർക്കാർ അനുകൂല നിലപാട്; എൻഎസ്എസിൽ ഭിന്നത; പരസ്യപ്രതികരണവുമായി കണയന്നൂർ കരയോഗം; പ്രതിഷേധിച്ച് രാജി

 

തിരുവനന്തപുരം: എൻഎസ്എസിന്റെ സർക്കാർ അനുകൂല നിലപാടിനെതിരെ സംഘടനയ്ക്കുള്ളിൽ ഭിന്നാഭിപ്രായം. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടേത് വീണ്ടുവിചാരമില്ലാത്ത നടപടിയെന്ന് എൻഎസ്എസ് കണയന്നൂർ കരയോഗം പരസ്യമായി വിമർശിച്ചു. ചങ്ങനാശേരിയിൽ ഒരു കുടുംബം രാജി നൽകി. സുകുമാരൻ നായരെ കട്ടപ്പയോട് ഉപമിച്ച് ഇന്നും പത്തനംതിട്ടയിൽ ബാനർ പ്രത്യക്ഷപ്പെട്ടു.


ആഗോള അയ്യപ്പസംഗമത്തിന് പിന്നാലെ, സർക്കാർ നിലപാടുകളെ പ്രശംസിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി രംഗത്തുവന്നതോടെയാണ് സംഘടനയ്ക്കുള്ളിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നത്. ജനറൽ സെക്രട്ടറിയുടെത് വ്യക്തപരമായ നിലപാടെന്നും അതാണ് എൻഎസ്എസ് നിലപാട് എന്ന് പറഞ്ഞാൽ അംഗീകരിക്കില്ലെന്നും കണയന്നൂർ എൻഎസ്എ പ്രസിഡന്റും ട്രഷററും പറഞ്ഞു. സുകുമാരൻ നായരുടേത് സ്വജനപക്ഷപാതവും അവിവേകവുമാണ്. അത്തരം നിലപാടുകൾ തുടരരുത്. അതിൽ നിന്ന് അദ്ദേഹം പിന്തിരിയണം. ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല എങ്കിലും നിലപാട് വേണമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


ചങ്ങനാശേരിയിൽ ഒരുകുടുംബം സമുദായത്തിൽ നിന്നും അംഗത്വം രാജിവച്ചാണ് പ്രതിഷേധം അറിയിച്ചത്. പുഴവാത് സ്വദേശി ഗോപകുമാറും ഭാര്യയും രണ്ട് മക്കളുമാണ് രാജിക്കത്ത് നൽകിയത്. വിശ്വാസികളെ മുഴുവൻ വഞ്ചിക്കുന്ന നിലപാട് എൻഎസ്എസ് ജനറൽ സെക്രട്ടറി സ്വീകരിച്ച സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്ന് ഗോപകുമാർ പറഞ്ഞു. എന്നാൽ ഒരാൾക്ക് മാത്രമാണ് അംഗത്വം ഉള്ളതെന്നാണ് കരയോഗത്തിന്റെ മറുപടി.


പത്തനംതിട്ട ജില്ലയിൽ രണ്ടിടങ്ങളിൽ സുകുമാരൻ നായർക്കെതിരെ ഇന്നും പ്രതിഷേധ ബാനർ പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് ബാനർ കെട്ടിയത്. ഇന്നലെ വെട്ടിപ്രം 681-ാം നമ്പർ കരയോഗ കെട്ടിടത്തിന് മുന്നിലും ബാനർ സ്ഥാപിച്ചിരുന്നു. കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നിൽ നിന്നു കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ എന്നാണ് ബാനറിലെ പരിഹാസം.

Previous Post Next Post